print edition മുളയുടെ ജനകല


അശ്വതി ജയശ്രീ
Published on Nov 15, 2026, 08:55 AM | 3 min read
അച്ഛനും അമ്മയും രാവ് പകലാക്കി നെയ്തെടുത്ത കുട്ടയും പനമ്പുമൊക്കെ ചുമന്ന് ചന്തയിലേക്ക് പോകുന്നതായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ ഞായറാഴ്ചയോർമ. തോട്ടംതൊഴിലാളികൾ എന്നത് മാറ്റിനിർത്തിയാൽ ഇൗറ്റയും ഇൗറ്റയുൽപ്പന്നങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവുമായിരുന്നു കുട്ടിക്കാലത്തേത്. ആ ബന്ധമാകാം എന്നെ ഇങ്ങനെ ഉരുത്തിരിയാൻ സഹായിച്ചത്'– മുളന്തണ്ടുകളിൽ അത്ഭുതംതീർക്കുന്ന ശശി ജനകലയ്ക്ക് ഭൂതകാലത്തോടുള്ളത് നന്ദിമാത്രം.
എരുമേലിയിലെ പ്രൊപ്പോസ് തോട്ടത്തിലായിരുന്നു ശശിയുടെ അച്ഛനും അമ്മയ്ക്കും ജോലി. തെക്കേ ഡിവിഷനിലുള്ള ആനലയത്തിലാണ് ജനിച്ചതും വളർന്നതും. മുക്കൂട്ടുതറയോട് ഏറ്റവും അടുത്തായിരുന്നു ആനലയം. ശശിയുടേത് ഉൾപ്പെടെ അഞ്ചു കുടുംബങ്ങളായിരുന്നു ലയത്തിലെ താമസക്കാർ. "തോട്ടം പണി കഴിഞ്ഞ് കിട്ടുന്ന സമയം ഈറ്റപ്പണിയുമെടുക്കുമായിരുന്നു അച്ഛനും അമ്മയും.
മുട്ടപ്പള്ളിയിൽനിന്നാണ് ഈറ്റ വിലയ്ക്ക് വാങ്ങുന്നത്. തലച്ചുമട് പാസിൽ ഈറ്റ വെട്ടി കൊടുക്കുന്നവർ അക്കാലത്ത് മുട്ടപ്പള്ളിയിലുണ്ടായിരുന്നു'– ശശി ഓർക്കുന്നു. തോട്ടത്തിലെ അധ്വാനമേറെ വേണ്ട പണി കഴിഞ്ഞ് ഉറക്കംപോലും വേണ്ടായെന്ന് വച്ച് ഇൗറ്റ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അമ്മയെയും അച്ഛനെയും കണ്ടായിരുന്നു ജീവിതം. ഇന്ന് ഫോക്ലോർ ലോകം ആദരവോടെ കാണുന്ന കലാകാരനാണ് ശശി ജനകല. ഇൗറ്റയിലും മുളയിലും എന്തും ഏതും നിർമിച്ചെടുക്കാൻ ശശിക്കാകും.
‘‘തോട്ടത്തിലെ ജീവിതത്തിനിടെ വെള്ളിയംപള്ളി കുഞ്ഞുഞ്ഞ്, തമ്പാലക്കാട് കുഞ്ഞുകുഞ്ഞ്, ചൂണ്ടശേരി തുടങ്ങി ഈറ്റ വെട്ടുന്നവരും വീട്ടിൽ നെയ്ത്തുള്ളവരുമായ നിരവധിപേരെ പരിചയപ്പെടാനായി. കണമലയിൽ ബസ് ഇറങ്ങി പമ്പയാർ മുറിച്ചുകടന്ന് വല്ലംകാട്ടിൽനിന്നാണ് അവരൊക്കെ ഇൗറ്റ ശേഖരിച്ചിരുന്നത്. ഇരുപതെണ്ണത്തിന്റെ കെട്ടുകളാക്കി തലച്ചുമടായി ആറുകടന്ന് ബസിൽ കയറ്റിയാണ് മുട്ടപ്പള്ളിയിൽ എത്തിച്ചിരുന്നത്. അച്ഛൻ കൊണ്ടുവരുന്ന ഈറ്റയിൽനിന്ന് ചെറുകുട്ടകളും പനമ്പും ലയത്തിലെ മുറിയിലിരുന്ന് നെയ്യും.
അന്നൊക്കെ നെയ്ത്തുകാർക്ക് ശനി രാത്രി ഉറക്കമുണ്ടാകില്ല. ഞായറാഴ്ച ചന്തയിൽ രാവിലെതന്നെ ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള തത്രപ്പാടിലാകും എല്ലാവരും. കുട്ടികളായ ഞങ്ങളും സഹായിക്കും. ഞായറാഴ്ച അമ്മയ്ക്കൊപ്പം ചന്തയിൽ പോയി നെയ്തെടുത്തതെല്ലാം വിൽക്കുന്ന ചുമതല എനിക്കായിരുന്നു.’’ ഇന്ന് ഇൗറ്റയും മുളയുംകൊണ്ട് സംഗീതോപകരണങ്ങൾ, പ്രസംഗപീഠം, ബാംബൂ ഹട്ടുകൾ, മുളയിൽ തീർത്ത മതിലും ഗേറ്റും അടക്കം ശശിയുടെ കരവിരുതിൽ വിരിയുന്നു.
1993ൽ ശശി ജനകല തിരുവല്ല ഡൈനാമിക് ആക്ഷൻ നാടൻപാട്ടുസംഘത്തിന്റെയും നാടകസംഘത്തിന്റെയും ഭാഗമായി. പിന്നീട് സി ജെ കുട്ടപ്പനൊപ്പം തായില്ലം നാട്ടറിവ് പഠനകേന്ദ്രം ആരംഭിച്ചു. രണ്ടായിരത്തോടുകൂടി ഈറ്റ, മുള തൊഴിലിൽ ഏർപ്പെട്ടിരുന്നവരെ ഒന്നിപ്പിച്ച് കേരള ഈറ്റ തൊഴിലാളി യൂണിയൻ സ്ഥാപിച്ചു.
ഡോ. മധു നാരായണൻ, രഘു ഇരവിപേരൂർ, സന്തോഷ് അഞ്ചൽ, ഉദയകുമാർ അഞ്ചൽ, ജലജ, എ എ ചന്ദ്രൻ, പരമേശ്വരൻ ആറങ്ങോട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും ക്യാമ്പയിനുകളും അക്കാലത്ത് നടന്നു. അക്കാലത്താണ് നെടുമങ്ങാട്ട് രണ്ട് ഈറ്റത്തൊഴിലാളികൾ പട്ടിണിമൂലം മരിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ നിയമസഭയിൽ അടിയന്തര സബ്മിഷൻ അവതരിപ്പിക്കുകയും യൂണിയൻ ശക്തമായ സമരം സംഘടിപ്പിക്കുകയും ചെയ്തു.
പരമ്പരാഗത തൊഴിൽ സംരക്ഷിക്കാൻ
പ്ലാസ്റ്റിക്, ഫൈബർ എന്നിവയുടെ കടന്നുകയറ്റം കൂടിയപ്പോൾ ഇൗറ്റ, മുള ഉൽപ്പന്ന നിർമാണത്തിന്റെ പരമ്പരാഗതമേഖലയാകെ തകർന്നു. അന്ന് കുടിൽവ്യവസായങ്ങൾ, സൊസൈറ്റികൾ എല്ലാം നിശ്ചലമായി. 2004ൽ നാഷണൽ ഡിസൈൻ ഓഫ് ഇന്ത്യയുടെ പരിശീലനം തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. 10 ഈറ്റത്തൊഴിലാളികൾക്ക് കേരളത്തിൽവച്ച് ആദ്യ പരിശീലനം ലഭിച്ചു. അതിലൂടെയാണ് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണിതേടലും ആരംഭിക്കുന്നത്. പിന്നീട് ശശിയുടെ നേതൃത്വത്തിൽ ഗ്രീൻഫൈബർ ബാംബൂ ക്രാഫ്റ്റ് സൊസൈറ്റി സ്ഥാപിച്ചു. ഇടുക്കിയിലെ ആദിവാസിസമൂഹങ്ങളുടെ കണ്ണാടിപ്പായ നെയ്ത്തുരീതിയുമായി ചേർന്ന് നിരവധി ഉൽപ്പന്നങ്ങളുടെ നിർമാണം ആരംഭിച്ചു.
വിപണിസാധ്യത തേടി
നിലവിൽ കേന്ദ്ര കരകൗശല കമീഷണറേറ്റ്, ബാംബൂ മിഷൻ, വനംവകുപ്പ്, നബാർഡ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ ക്രാഫ്റ്റ് ഫാക്കൽറ്റിയാണ് ശശി. രണ്ടായിരത്തിലധികംപേർക്ക് പരിശീലനം നൽകിയ അനുഭവമുണ്ട്. ബാംബൂ ഹട്ട്, മുളവീട്, ഇന്റീരിയർ ഉൽപ്പന്നങ്ങൾ, സംഗീതോപകരണങ്ങൾ, കളിപ്പാട്ടം, കണ്ണാടിപ്പായ, ഉപ ഉൽപ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുക. കേരള ഫോക്ലോർ അക്കാദമി ഗാലറിക്കുവേണ്ടി മുപ്പതിലധികം സംഗീതോപകരണങ്ങൾ നിർമിച്ചുനൽകി.
നിലവിൽ മെഡിറ്റേഷനുള്ള മഴമൂളി, ഡോഗ് പ്രൊട്ടക്ഷൻ സ്റ്റിക്ക്, ഊന്നുവടികൾ എന്നിവയുടെ വിപണിസാധ്യത മനസ്സിലാക്കി അവ തയ്യാറാക്കുകയാണ്. കേരള ഫോക്ലോർ അക്കാദമി അവാർഡ്, സംസ്ഥാന സാംസ്കാരികവകുപ്പ് ആചാര്യകല പുരസ്കാരം, നാഷണൽ അംബേദ്കർ അവാർഡ്, ഡോ. ചുമ്മാർ ചൂണ്ടൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മല്ലപ്പള്ളി നൂറോമാവ് കുന്നക്കാട്ടിൽവീട്ടിലാണ് താമസം. പി ജെ രാജമ്മയാണ് ഭാര്യ. എസ് അരുന്ധതി, അഡ്വ. എസ് അശ്വതി, എസ് അരവിന്ദ്, എസ് അരുൺകുമാർ എന്നിവരാണ് മക്കൾ.







0 comments