വെള്ളമെത്തിയില്ല; വിണ്ടുകീറിയ പ്രതീക്ഷ

നല്ലേപ്പിള്ളി പഞ്ചായത്തിലെ കണക്കമ്പാറ വാക്കിനിച്ചള്ളയിൽ വരണ്ടുണങ്ങിയ നെൽപ്പാടം

സ്വന്തം ലേഖകൻ
Published on Sep 20, 2026, 01:18 AM | 1 min read
ചിറ്റൂർ
ഒന്നാംവിള നെൽകൃഷി ഉണക്കഭീഷണിയിലായതോടെ വെള്ളത്തിനായി നെട്ടോട്ടമോടി ചിറ്റൂരിലെ കർഷകർ. പല ഭാഗങ്ങളിലും ഒന്നാംവിള നെൽകൃഷി പാകമായിക്കഴിഞ്ഞു. ഇപ്പോൾ വേണ്ടത്ര വെള്ളം കിട്ടിയില്ലെങ്കിൽ നെൽച്ചെടി ഉണങ്ങും. വരമ്പിലെ തെങ്ങുകളും ഉണങ്ങിയനിലയിലാണ്. ചിറ്റൂർപ്പുഴ പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്ത് 40,772 ഏക്കർ നെൽവയലിൽ തുടക്കത്തിലെ ജലവിതരണത്തിലെ അപാകംകാരണം 24,340 ഏക്കറിൽ മാത്രമാണ് ഇക്കുറി കൃഷി ഇറക്കിയത്. അതിൽ ഭൂരിഭാഗവും ഉണക്ക ഭീഷണിയിലാണ്. കർഷക പ്രതിഷേധങ്ങൾക്കൊടുവിൽ കനാലിലൂടെ ജലവിതരണം നടത്തുന്നുണ്ടെങ്കിലും പര്യാപ്‌തമല്ല. പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടിൽ (പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം) 14 ടിഎംസി വെള്ളമുണ്ട്. കരുതൽ ശേഖരത്തിനുപുറമെ 9.7 ടിഎംസി വെള്ളം ഉപയോഗയോഗ്യവുമാണ്. ഇതിൽനിന്ന് വെള്ളം ആളിയാർ അണക്കെട്ടിൽ എത്തിച്ച് ജലവിതരണം നടത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു.









0 comments