മാരാരിക്കുളം ബീച്ചില്‍ മെഗാ ക്ലീനിങ് ഡ്രൈവ്

ലോക സമുദ്ര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെയും ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് മാരാരി ബീച്ച് ശുചീകരിച്ചപ്പോൾ
കഞ്ഞിക്കുഴി
ലോക സമുദ്ര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെയും ഭാഗമായി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ ‘മെഗാ ക്ലീനിങ് ഡ്രൈവ്' സംഘടിപ്പിച്ചു. എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. കലക്ടർ ഷാജി വി നായര്‍, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സ്വാതി എസ് സേനന്‍ എന്നിവർ മുഖ്യാതിഥിയായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ, അനിതാ ജോസി, ഡിടിപിസി സെക്രട്ടറി അജീഷ്, ജില്ല പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനിയർ ആർ സരിത എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ പി എ ജസ്റ്റിൻ സ്വാഗതവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. കടലിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമായി സംഘടിപ്പിക്കുന്ന യജ്ഞത്തില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, തദ്ദേശവാസികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. തീരദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ച് ഹരിതകര്‍മ സേനയ്ക്ക് കൈമാറും. പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.









0 comments