ഉത്തേജക പരിശോധനയിൽ കൃത്രിമം; ജോർജിയൻ റഗ്ബി മുൻ ക്യാപ്റ്റന് 11 വർഷം വിലക്ക്

Photo Credit: Getty Images
ടിബിലിസി: ദേശീയ ടീമിലെ താരങ്ങളെ ഉത്തേജക മരുന്ന് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച രഹസ്യ നീക്കങ്ങളിൽ പങ്കാളിയായതിനെത്തുടർന്ന് ജോർജിയൻ റഗ്ബി ടീമിൻ്റെ മുൻ ക്യാപ്റ്റൻ മെറാബ് ഷാരിക്കാഡ്‌സെയ്ക്ക് കായിക മേഖലയിൽ നിന്ന് 11 വർഷത്തെ വിലക്ക് ഏർപ്പെടുത്തി.
2022-ൽ കാർഡിഫിൽ വെയിൽസിനെതിരായ ജോർജിയയുടെ ചരിത്ര വിജയത്തിന് നേതൃത്വം നൽകിയ ഷാരിക്കാഡ്‌സെ, സഹതാരങ്ങൾക്ക് പരിശോധനയ്ക്കായി സ്വന്തം 'ശുദ്ധമായ' മൂത്രം നൽകിയതായി സമ്മതിച്ചു.
ഷാരിക്കാഡ്‌സെയെ കൂടാതെ ടീമിലെ മറ്റ് പ്രമുഖ താരങ്ങൾക്കും കടുത്ത ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ഹുക്കർ ഗിയോർഗി ചക്കോയ്ഡ്‌സെയ്ക്ക് ആറ് വർഷവും, ലാഷ ഖമലാഡ്സ്എ, ഒതർ ലഷ്ഖി, മിരിയാനി മോഡെബാഡ്‌സെ എന്നിവർക്ക് മൂന്ന് വർഷം വീതവും വിലക്ക് ലഭിച്ചു.
മറ്റൊരു താരമായ ലാഷ ലോമിഡ്‌സെയ്ക്ക് ഒമ്പത് മാസത്തെ വിലക്കാണ് വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി ഏർപ്പെടുത്തിയത്.
ജോർജിയയിലെ നാഷണൽ ടെസ്റ്റിംഗ് അതോറിറ്റി ഉദ്യോഗസ്ഥർ വരാനിരിക്കുന്ന പരിശോധനകളെക്കുറിച്ച് ടീം ഡോക്ടർ നുത്സ ഷമതാവയ്ക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇവർ ഈ വിവരങ്ങൾ ഒരു ടീം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി താരങ്ങൾക്ക് കൈമാറുകയായിരുന്നു. 2019 മുതലുള്ള പഴയ സാമ്പിളുകൾ പുനഃപരിശോധിച്ചപ്പോഴാണ് അഞ്ച് തവണ ഇത്തരത്തിൽ കൃത്രിമം നടന്നതായി തെളിഞ്ഞത്.
2023-ലെ റഗ്ബി ലോകകപ്പിൽ ഷാരിക്കാഡ്‌സെ മൂന്ന് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിശോധന ഭയന്ന് ചക്കോയ്ഡ്‌സെ പരിക്കിന്റെ പേരിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.
മറ്റ് താരങ്ങളായ മോഡെബാഡ്‌സെയും ലഷ്ഖിയും ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവെച്ച ജോർജിയ, ഒരു ജയം പോലും നേടാനാകാതെ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് പുറത്തായത്.
നിലവിൽ 30 വയസ്സുള്ള ഷാരിക്കാഡ്‌സെ റഗ്ബി കരിയർ അവസാനിപ്പിച്ച് മിക്സഡ് മാർഷൽ ആർട്സിലേക്ക് കരിയർ മാറ്റിയിരിക്കുകയാണ്. 2025 നവംബറിൽ നടന്ന തന്റെ ആദ്യ എംഎംഎ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.










0 comments