ad
Deshabhimani

print edition സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ്‌: എറണാകുളം മുന്നിൽ

State Senior Athletics Championship
വെബ് ഡെസ്ക്

Published on Jun 06, 2026, 12:45 AM | 1 min read

കൊല്ലം: സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സിന്റെ ആദ്യദിനം എറണാകുളം മുന്നിൽ. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ 108.5 പോയിന്റുമായാണ്‌ എറണാകുളം കുതിച്ചത്‌. പാലക്കാട്‌ (89) രണ്ടാമതും കോട്ടയം (59.5 ) മൂന്നാമതുമാണ്‌. 21 ഫൈനലുകൾ നടന്ന ആദ്യദിനം എട്ട്‌ റെക്കോഡുകളും പിറന്നു.


തൃശൂരിനായി നേവി താരം ആൻസി സോജൻ വനിതകളുടെ ലോങ്‌ ജന്പിൽ റെക്കോഡിട്ടു (6.38 മീറ്റർ). 100 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ സി അഞ്‌ജലി (13.59 സെക്കൻഡ്‌), ഷോട്ട്‌പുട്ടിൽ ഡോണി മരിയ റോയ്‌ (13.36 മീറ്റർ) എന്നിവരും റെക്കോഡ്‌ നേടി.


പുരുഷന്മാരുടെ 100 മീറ്ററിൽ പാലക്കാടിന്റെ പി കെ ജിഷ്‌ണുപ്രസാദ്(10.42 സെക്കൻഡ്) പുതിയ സമയം കണ്ടു. 2007ൽ കൊല്ലത്തിന്റെ അരുൺജിത്‌ കുറിച്ച 10.50 സെക്കൻഡാണ്‌ മായ്‌ച്ചത്‌. 1500 മീറ്ററിൽ പാലക്കാടിന്റെ നബീൽ സാഹിയും (3: 47.10) പുതിയ സമയം കുറിച്ചു. 2014ൽ പാലക്കാടിന്റെ പി മുഹമ്മദ്‌ അഫ്‌സൽ കുറിച്ച സമയം തിരുത്തി. ഹൈജന്പിൽ കൊല്ലത്തിന്റെ ജോമോൻ ജോയ്‌ 2.12 മീറ്ററിൽ റെക്കോഡിട്ടു. 2004ൽ എറണാകുളത്തിന്റെ കെ ആർ റോഷൻ കുറിച്ച ഉയരമാണ്‌ പുതുക്കിയത്‌.


400 മീറ്ററിൽ കോട്ടയത്തിന്റെ റിൻസ് ജോസഫ് (47.54 സെക്കൻഡ്‌), ജാവലിൻ ത്രോയിൽ ഇടുക്കിയുടെ ബിബിൻ ആന്റണി (74.12 മീറ്റർ) എന്നിവരും റെക്കോഡിട്ടു. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ എം വി ജിൽന 11.70 സെക്കൻഡിൽ വേഗക്കാരിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home