വ്യാജരേഖകൾ ഹാജരാക്കി ബാങ്കിൽനിന്ന് വായ്‌പ തട്ടി

തിരുവനന്തപുരം
വ്യാജരേഖ ഹാജരാക്കി ബാങ്കിനെ കബളിപ്പിച്ച് 56.20 ലക്ഷം രൂപ തട്ടിയെന്ന് പരാതി. പട്ടം എസ്ബിഐ ശാഖ മാനേജർ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി പൗലോസ് കൊച്ചാപ്പുവിന്റെ പവർ ഓഫ് അറ്റോർണി ഹോൾഡറായി നിയമിച്ച എൽസി ഫിലിപ്പ് 2022 മേയിലാണ് 53 ലക്ഷം രൂപയുടെ ഹൗസിങ് ലോണിന് അപേക്ഷിച്ചത്. കാട്ടാക്കട വിളവൂർക്കലുള്ള വസ്തുവും കെട്ടിടവുമാണ് ഒന്നാം പ്രതി പൗലോസ് കൊച്ചാപ്പു ബാങ്കിൽ ഈടായി നൽകിയിരുന്നത്. ബാങ്ക് നടത്തിയ പരിശോധനയിൽ എസ്‌ബിഐ ഏണിക്കര ശാഖയിൽ ആർ ബിനു, വിഷ്ണുപ്രിയ എന്നിവർ പണയമായി നൽകിയ വസ്‌തുവാണിതെന്ന് കണ്ടെത്തി. പൗലോസ് കൊച്ചാപ്പുവും മറ്റു പ്രതികളും ബാങ്കിൽ ഹാജരാക്കിയ ആധാരങ്ങൾ, ലൊക്കേഷൻ പ്ലാൻ, കെട്ടിടനികുതി രസീതുകൾ എന്നിവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വിളവൂർക്കൽ വില്ലേജ് ഓഫീസറായിരുന്നയാൾ ഉൾപ്പെടെ ഏഴു പ്രതികൾക്കെതിരെയാണ് ബാങ്ക് അധികൃതരുടെ പരാതി. വ്യാജരേഖകൾ ഉപയോഗിച്ച് ഇതേ വസ്തുവിന്മേൽ ഒന്നിലധികം മറ്റ് ബാങ്ക് ശാഖകളിൽനിന്ന് ഹോം ലോണുകൾ കൈപ്പറ്റി പണം തട്ടിയെടുത്തെന്നും ബാങ്കിന് 56.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് പരാതി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








0 comments