പച്ചപ്പിന്റെ മഹത്വവുമായി പരിസ്ഥിതിദിനാചരണം

കൊച്ചി
പച്ചപ്പിന്റെ മഹത്വം ഓർമിപ്പിച്ച് ജില്ലാ പരിസ്ഥിതിദിനം ആചരിച്ചു. ഭാവിതലമുറയ്‌ക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി വിവിധ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും പരിസ്ഥിതിദിനം ആചരിച്ചു.
സെന്റ് തെരേസാസ് കോളേജിൽ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റ് 41-ന്റെയും ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാന ബോധവൽക്കരണ റാലിയും റീസൈക്ലിങ് ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലൂർ സെന്റ് ഫ്രാൻസിസ് പള്ളിയോടുചേർന്ന് ഔഷധച്ചെടി നട്ട് ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് ഉദ്‌ഘാാടനം ചെയ്തു. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിൽ മൈ ഭാരത് എറണാകുളവും എൻഡിആർഎഫ് ആരക്കോണവും ചേർന്ന് വൃക്ഷത്തൈ നടീൽയജ്ഞം സംഘടിപ്പിച്ചു. മൈ ഭാരത് കേന്ദ്രം എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഡി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചി അമൃത മെഡിക്കൽ കോളേജ് ക്യാമ്പസിൽ അശോകവനം സ്ഥാപിക്കുന്നതിന്റെ തുടക്കമായി അശോകമരങ്ങൾ നട്ടുപിടിപ്പിച്ചു. അന്തരീക്ഷ താപനില കുറയ്‌ക്കുക, തേനീച്ചകളെ ആകർഷിക്കുക, പ്രാദേശിക ജൈവ വൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അശോക വനവൽക്കരണ പദ്ധതി നടപ്പാക്കുന്നത്. ഔഷധി എംഡി ഡോ. ഹൃദിക് മുഖ്യാഥിതിയായി. കളമശേരിയിലെ രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന പരിസ്ഥിതിദിനാചരണം പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഫ്ലാഷ്‌മോബും പരിസ്ഥിതിസൗഹൃദ പ്രദർശനവും സംഘടിപ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജിൽ വിദ്യാർഥി സംഘടനകളായ ക്ലബ് ബിഫോറും ബിവോയ്‌സും ചേർന്ന് പരിസ്ഥിതിദിനം ആചരിച്ചു. അസിസ്‌റ്റന്റ് മാനേജർ ഫാ. സെൻ കല്ലുങ്കലിന്റെ നേതൃത്വത്തിൽ ക്യാന്പസിൽ വൃക്ഷത്തൈ നട്ടു.
മുളന്തുരുത്തി
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് "പ്രകൃതിയോടൊത്ത് നല്ല കാലാവസ്ഥയ്‌ക്കായി നമ്മുടെ ഭാവിക്കായി' എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈ നടീലും പ്ലാസ്റ്റിക് മാലിന്യശേഖരണവും നടത്തി. ജില്ലാ ഉദ്ഘാടനം മുളന്തുരുത്തി പെരുമ്പള്ളി ഗവ. യുപി സ്കൂളിൽ പ്രൊഫ. പി ജി ശങ്കരൻ നടത്തി. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ടി അഖിൽദാസ്, ലിജോ ജോർജ്, സി ആർ രാഹുൽ, രണദേവ് ചന്ദ്രപ്പൻ, ജിനു ശിവദാസ്, പി ഡി രമേശൻ എന്നിവർ സംസാരിച്ചു.
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിയാവാക്കി വനനവീകരണവും ഏരിയ കേന്ദ്രങ്ങളിൽ ഫലവൃക്ഷത്തൈ വിതരണവും നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ കളമശേരി പോളിടെക്നിക് അധ്യാപിക എം പി ജയശ്രീക്ക് ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ സി സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ഏരിയ സെക്രട്ടറി കെ യു ബോബിറ്റ് എന്നിവര്‍ സംസാരിച്ചു. കളമശേരി പോളിടെക്നിക്കിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഒരുക്കിയ മിയാവാക്കി വനം ജീവനക്കാരുടെ നേതൃത്വത്തിൽ പരിപാലിച്ചു.
ആലുവ വിദ്യാധിരാജാ വിദ്യാഭവൻ എച്ച്എസ്എസിലെ കുട്ടികൾ പരിസ്ഥിതിദിനത്തിൽ ആലുവ മണപ്പുറം
"കുട്ടിവന'ത്തിലേക്ക് നടത്തിയ പ്രകൃതിപഠനയാത്ര
‘കുട്ടിവന'ത്തിൽ പ്രകൃതിപഠനവുമായി കുട്ടികൾ
ആലുവ
ആലുവ വിദ്യാധിരാജാ വിദ്യാഭവൻ എച്ച്എസ്എസിലെ വിവിധ ക്ലബ്ബുകളും എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്‌ക്രോസ് എന്നിവയുംചേർന്ന് പരിസ്ഥിതിദിനത്തിൽ ആലുവ മണപ്പുറം "കുട്ടിവന'ത്തിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. കുട്ടികൾ കുട്ടിവനവും പെരിയാറും നേരിൽക്കണ്ട് പ്രകൃതിപഠനം നടത്തുക എന്ന ലക്ഷ്യത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. വൃക്ഷത്തെെ വിതരണവും നടത്തി.







0 comments