Deshabhimani

ഡൽഹിയിൽ മജിസ്ട്രേറ്റിന്റെ റോളിലും പൊലീസ്

സൗരവ് ദാസിനെയും അശുതോഷിനെയും തടവിൽ കുരുക്കാൻ ഡൽഹി പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

SAURAV ASHUTHOSH RANKA
വെബ് ഡെസ്ക്

Published on Oct 20, 2026, 11:04 AM | 2 min read

ന്യൂഡൽഹി:ജന്തര്‍മന്തറിൽ അതിക്രമിച്ച് കയറിയതായുള്ള കേസിൽ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കുരുക്കാൻ ഡൽഹി പൊലീസ് നീക്കം. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയതിന് പിന്നാലെ ഇരുവ‍ർക്കും എതിരായ കേസ് ക്രൈംബ്രാഞ്ചിന്റെ ഇന്റർസ്റ്റേറ്റ് സെല്ലിന് കൈമാറി.


നിരോധിക്കപ്പെട്ട സൈറ്റിലേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലം വഴി അതിക്രമിച്ചു കയറി എന്നാണ് ഇപ്പോൾ കേസ്. പൊതുവായ കേസിന്റെ സ്വഭാവം മാറ്റി കുരുക്ക് മുറുക്കുകയാണ്. അഞ്ചു ദിവസമായി ഇവര്‍ കസ്റ്റഡിയിലാണ്. ഇന്നലെ കോടതിയിൽ എന്ന പേരിൽ പൊലീസ് ഓഫീസറുടെ മുന്നിൽ ഹാജരാക്കി. പൊലീസ് ആവശ്യപ്രകാരമാണ് കസ്റ്റഡി നീട്ടിയത്. ഏഴ് ദിവസം നീട്ടാനാണ് പൊലീസ് ആവശ്യപ്പെട്ടത്.


വിചിത്രമായ നിയമം

പൊലീസിനും മജിസ്ട്രേറ്റിന്റെ അധികാരം


വിചിത്രമായ നിയമാധികാരങ്ങളാണ് ഡൽഹി പൊലീസ് കയ്യാളുന്നത്. മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കുന്നു എന്നാണ് പേര് എങ്കിലും പൊലീസ് മേധാവികൾ തന്നെയാണ് ഇവിടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കയ്യാളുന്നതും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന വിചിത്രമായ അധികാരം ഉപയോഗിച്ചാണ് ഇത്.


Related News

ഡൽഹിയിലെ പൊലീസ് കമ്മീഷണേറ്റ് സംവിധാനത്തിന്റെ മറവിൽ കളക്ടറുടെ അധികാരവും പൊലീസിൽ നിക്ഷിപ്തമാക്കുകയാണ് ചെയ്യുന്നത്. ഡൽഹി പൊലീസ് നിയമത്തിലെ 70 ാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം വഴി പൊലീസ് കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും ജില്ലാ മജിസ്ട്രേറ്റിന്റെയും അധികാരങ്ങൾ നൽകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഘട്ടങ്ങളിൽ ചെയ്യുന്നത്. ഇങ്ങനെയുള്ള കമ്മീഷണര്‍ക്ക് കീഴിൽ വരുന്ന പൊലീസ് ഉദ്യോഗസ്ഥരായ എസിപിമാര്‍ക്ക് വരെ എസ്എംഇ ആയി പ്രവര്‍ത്തിക്കാം എന്ന വിധം പൊലീസ് രാജ് ഒരുക്കി നൽകുകയാണ്.


ഇത്തരത്തിൽ അധികാരം കയ്യാളിയ പൊലീസ് ഉദ്യോസ്ഥൻ മഹേഷ് കുമാര്‍ മീണയാണ് കഴിഞ്ഞ 13 ാം തീയതി സൗരവ് ദാസിനെയം അശുതോഷ് റാങ്കയെയും അറസ്റ്റ് ചെയ്ത് ജയിലേക്ക് അയച്ചത്. ഇന്നലെ കോടതിയിൽ ഇരുവരും രണ്ട് പേരുടെ ആൾജാമ്യം ആവശ്യപ്പെട്ട പ്രകാരം ഹാജരാക്കിയിരുന്നു. ഇതിൽ ഒരു ജാമ്യക്കാരൻ ഹാജരാക്കിയ രേഖകളിൽ പതിച്ച ചിത്രത്തിൽ അവ്യക്തതയുണ്ട് എന്ന് ആരോപിച്ചാണ് ഹർജി സ്വീകരിക്കാൻ വിസമ്മതിച്ചത്. കോടതി മര്യാദകൾ ഒന്നും പാലിക്കാതെ തനി പൊലീസ് രാജ് സമീപനമായിരുന്നു എന്ന് സൗരവ് ദാസും അശുതോഷ് റാങ്കയും ആരോപിച്ചു.


നേഹ ബോറ ഹൈക്കോടതിയിൽ

എസ്ഐആര്‍ വോട്ട് വെട്ടിപ്പിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവര്‍ക്ക് മേൽ ഡൽഹി പൊലീസിന്റെ "സമാധാന ബോണ്ട്" അടിച്ചേൽപ്പിക്കുന്നതിന് എതിരെയും നിയമ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറ ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹ‍ർജി നൽകി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഡൽഹി പൊലീസിന്റെ ഇത്തരം നടപടികളെന്ന് ഹര്‍ജിയിൽ ചൂണ്ടികാട്ടി. സമാധാനപരമായ പ്രതിഷേധത്തെ പോലും പൊലീസ് ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് എന്നും ചൂണ്ടി കാട്ടി.


പൊലീസും ജുഡീഷ്യറിയും ഒന്നാകുന്നതിലെ

ഭരണഘടനാ പ്രശ്നം ചര്‍ച്ചയിലെത്തിച്ച യുവജന സമരം


ജനാധിപത്യ രാജ്യങ്ങളിൽ നിയമം നടപ്പിലാക്കേണ്ടത് പൊലീസും (Executive), നിയമം വ്യാഖ്യാനിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യേണ്ടത് സ്വതന്ത്ര ജുഡീഷ്യറിയുമാണ് (Judiciary). എന്നാൽ പൊലീസുകാർക്ക് തന്നെ മജിസ്ട്രേറ്റ് അധികാരങ്ങൾ കൂടി നൽകുമ്പോൾ, കുറ്റം ആരോപിക്കുന്നവരും വിചാരണ നടത്തുന്നവരും ഒരേ വിഭാഗം തന്നെയായി മാറുന്നു. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ കാലങ്ങളായി ഈ ജനാധിപത്യ വിരുദ്ധ അധികാരം പൊലീസ് കയ്യടക്കി തുടരുന്നു.


പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (SEM) അധികാരങ്ങൾ നൽകുന്ന ഈ സമ്പ്രദായം ഭരണഘടന വിഭാവനം ചെയ്യുന്ന ശക്തിവിഭജന സിദ്ധാന്തത്തിന് (Separation of Powers) എതിരാണെന്ന വിമർശനം നിയമവിദഗ്ദ്ധരും മനുഷ്യാവകാശ പ്രവർത്തകരും കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇതിൽ ഇനിയും ചര്‍ച്ചകളും നിയമ പോരാട്ടങ്ങളും തുടരുമോ എന്നും വിദ്യാർഥി പ്രക്ഷോഭത്തോടെ രാജ്യം ഉറ്റു നോക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home