Deshabhimani

പ്രായം അറുപത്, ഇരുപതിന്റെ ആവേശം; വൈറലായി ജപ്പാന്റെ 'ഡാൻസിങ് സാലറിമാൻ'

TORU UTSUMI JAPAN
വെബ് ഡെസ്ക്

Published on Oct 20, 2026, 12:04 PM | 2 min read

ടോക്യോ: പ്രായം അറുപതായി, ജോലിത്തിരക്ക് വേറെ. എന്നാലും നൃത്തത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരുത്തിയിട്ടില്ല ജപ്പാൻകാരനായ തോരു ഉത്സുമി. ജോലിയെല്ലാം കഴിഞ്ഞാൽ സ്യൂട്ടും ടൈയും ധരിച്ച് തെരുവിലിറങ്ങി സംഗീതത്തിനൊത്ത് ചുവടുവയ്ക്കുകയാണ് ഈ മാനേജ്മെന്റ് കൺസൾട്ടന്റ്. ആളുകൾ നോക്കിനിന്നാലും മഴ പെയ്താലും നൃത്തം തുടരും. തന്റെ ചടുലമായ ചുവടുകളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഉത്സുമി.


ജപ്പാന്റെ 'ഡാൻസിങ് സാലറിമാൻ' എന്നാണ് തോരു ഉത്സുമി അറിയപ്പെടുന്നത്. മാനേജ്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഉത്സുമിക്ക് ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലുമായി പത്തുലക്ഷത്തിലേറെ ആരാധകരുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, കെട്ടിടങ്ങളുടെ മുകൾത്തട്ടുകൾ, കടൽത്തീരങ്ങൾ, ഹോട്ടൽ മുറികൾ തുടങ്ങി എവിടെ സംഗീതം കേട്ടാലും അവിടം ഉത്സുമിയുടെ നൃത്തവേദിയായി മാറും.


ടോക്യോയിലെ ഷിൻജുകു ചുവോ പാർക്കിൽനിന്നുള്ള ഒരു വീഡിയോയാണ് ഏറെ ശ്രദ്ധനേടിയത്. നഗരത്തിലേക്ക് ചുഴലിക്കാറ്റ് അടുത്തുകൊണ്ടിരിക്കെ മഴയിൽ നനഞ്ഞ സ്യൂട്ടും ചുവന്ന ടൈയും സ്‌നീക്കേഴ്‌സും ധരിച്ച് ഉത്സുമി നൃത്തം ചെയ്യുകയായിരുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രം സിങ്ങിങ് ഇൻ ദ റെയിനിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ചുവടുകൾ. മഴ ശക്തമായിട്ടും നൃത്തം നിർത്തിയില്ല. ചുറ്റിത്തിരിഞ്ഞും തുള്ളിച്ചാടിയും മഴയെ ആഘോഷമാക്കി.


ഇന്നലെ തുടങ്ങിയതല്ല ഉത്സുമിയുടെ നൃത്തപ്രേമം. ജപ്പാനിലെ ക്യുഷു ദ്വീപിലായിരുന്നു ബാല്യം. ലൂഥറൻ സഭയിലെ പുരോഹിതനായ അച്ഛന്റെ ജോലിയുടെ ഭാഗമായി കുടുംബത്തിന് പല സ്ഥലങ്ങളിലേക്ക് താമസം മാറേണ്ടിവന്നു. ചെറുപ്പത്തിൽ പള്ളിയോട് ചേർന്ന ഹാളിൽ ബാലെ നർത്തകരെ കണ്ടതാണ് നൃത്തത്തോടുള്ള ഇഷ്ടത്തിന് തുടക്കമായത്.


1980കളിൽ ടോക്യോയിലെ തെരുവുകളിൽ ട്വിസ്റ്റ് നൃത്തം ചെയ്തിരുന്ന ഉത്സുമി ഒരു ഹെവി മെറ്റൽ സംഗീതസംഘത്തിൽ ഗിറ്റാറും വായിച്ചിരുന്നു. റോളിങ് സ്റ്റോൺസ് സംഗീതജ്ഞരായ മിക്ക് ജാഗറും കീത്ത് റിച്ചാർഡ്‌സും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. പിന്നീട് ഡിസ്കോകളിലും ക്ലബ്ബുകളിലും പതിവായി പോയിത്തുടങ്ങി. അവിടെനിന്നാണ് റെഗ്ഗെ സംഗീതത്തോടും നൃത്തത്തോടുമുള്ള പ്രണയം വളർന്നത്.


എന്നാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കോർപറേറ്റ് ലോകത്ത് ഉത്സുമിക്ക് ജോലി ചെയ്യേണ്ടിവന്നു. ഫോട്ടോകോപ്പി യന്ത്രങ്ങളുടെ വിൽപ്പനക്കാരനായി കരിയർ ആരംഭിച്ച് ഉയർന്ന പദവികളിലെത്തി. ജോലിസ്ഥലത്തെ സമ്മർദങ്ങളും മേലുദ്യോഗസ്ഥരുമായുള്ള പ്രശ്നങ്ങളും മടുത്തതോടെ ജോലി വിട്ട് സ്വതന്ത്ര മാനേജ്മെന്റ് കൺസൾട്ടന്റായി.


പക്ഷെ നൃത്തത്തോടുള്ള ഇഷ്ടം കൈവിടാൻ അദ്ദേഹം തയ്യാറായില്ല. 2018ൽ, 52-ാം വയസ്സിലാണ് നൃത്തം ഗൗരവമായി പഠിക്കാൻ തീരുമാനിച്ചത്. പരിശീലകയായ സച്ചിക്കോ നാഗതോമോയുടെ ക്ലാസുകളിലെത്തി. നിശ്ചിത ചുവടുകൾ അതേപടി പിന്തുടരാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നെങ്കിലും സംഗീതത്തിനൊത്ത് സ്വതന്ത്രമായി ചലിക്കാനുള്ള ഉത്സുമിയുടെ കഴിവ് ശ്രദ്ധേയമായിരുന്നു.


2023ലാണ് നൃത്തവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുതുടങ്ങിയത്. ഹിപ്‌ഹോപ്, ഡിസ്കോ, റോക്കബില്ലി, സോൾ തുടങ്ങി പല ശൈലികളിലും ചുവടുവച്ചു. വീഡിയോകൾക്ക് ആരാധകർ കൂടിയതോടെ പരസ്യങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അവസരങ്ങൾ ലഭിച്ചു.


ബിസിനസ് യാത്രകൾക്കിടയിലും ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ചകൾക്കിടയിലെ ഒഴിവുസമയത്തും നൃത്തം ചെയ്യാൻ ഉത്സുമി സമയം കണ്ടെത്തും. പൊതുസ്ഥലങ്ങളിൽ ഇങ്ങനെ നൃത്തം ചെയ്യുന്നത് അസാധാരണമാണെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. എത്രത്തോളം നൃത്തം ചെയ്യുന്നുവോ അത്രത്തോളം സന്തോഷം തോന്നുമെന്നാണ് ഉത്സുമിയുടെ പക്ഷം.


പ്രായം കൂടുമ്പോൾ ഇഷ്ടങ്ങളെ മാറ്റിവയ്ക്കണമെന്നില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിക്കുകയാണ് ഈ അറുപതുകാരൻ. ഓഫീസ് ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഉള്ളിലെ നർത്തകനെ കൈവിടാത്ത ഉത്സുമിക്ക് ലോകം മുഴുവൻ ഇന്ന് കൈയടിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home