Deshabhimani

ചെറിയമ്മ പുറത്ത് കാവൽനിൽക്കും, വഴങ്ങിയില്ലെങ്കിൽ മർദനം; 16കാരി നേരിട്ടത് ക്രൂരപീഡനം

no abuse
വെബ് ഡെസ്ക്

Published on Oct 20, 2026, 10:42 AM | 3 min read

തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് ലൈംഗിക ചൂഷണത്തിന് വിട്ടുനൽകിയത്. പീഡനത്തിനിടയിൽ കുട്ടിയെ ക്രൂരമായി മർദിക്കുകയും രക്ഷപ്പെടാതിരിക്കാൻ ചെറിയമ്മ കാവൽ നില്‍ക്കുകയും ചെയ്തിരുന്നതായാണ് വിവരം. കേസിൽ സ്പാ ഉടമകളടക്കം നാല് പ്രതികൾ പിടിയിലായി. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.


കുട്ടിയുടെ മാതൃസഹോദരി മുറിക്ക് പുറത്തുനിന്ന് കാവൽ നിൽക്കുകയും ലൈംഗിക ചൂഷണത്തിന് വഴങ്ങാത്തപ്പോൾ മർദിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ പീഡനത്തെ തുടർന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ശരീരത്തിൽ മർദനത്തിന്റെ പാടുകളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ പുറത്തുപോകാൻ അനുവദിക്കാതെയും നിരീക്ഷണത്തിലാക്കിയുമാണ് സംഘം ചൂഷണം തുടർന്നത്.


കേസിലെ ഒന്നും രണ്ടും പ്രതികളായ മാതൃസഹോദരിയെയും ഭർത്താവിനെയും ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ പാലസമുദ്രയിൽനിന്നാണ് കേരള പൊലീസ് പിടികൂടിയത്. ഇരുവരും കുട്ടിയെ പ്രായപൂർത്തിയായ യുവതിയെന്ന വ്യാജേന വിവിധ സ്പാകളിൽ എത്തിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോവളത്തെ സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിശാന്ത് (46) എന്നിവരെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.


ചെന്നൈയിലെ സ്പായിലും പീഡനം; സീറോ എഫ്ഐആർ


കുട്ടിയെ കേരളത്തിലെത്തിക്കുന്നതിന് മുമ്പ് തമിഴ്നാട്ടിലും ലൈംഗിക ചൂഷണത്തിനിരയാക്കിയതായി മൊഴി ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുള്ള സ്പായിലും പീഡനം നടന്നതായാണ് കുട്ടി വെളിപ്പെടുത്തിയത്. ഇതിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തമിഴ്നാട്ടിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്പായിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം തീരുമാനിച്ചു.


കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, നാർകോട്ടിക് സെൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒമ്പതംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സ്പാകളിലെ സന്ദർശകരുടെ വിവരങ്ങളും രജിസ്റ്ററുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത മറ്റുള്ളവരെയും കണ്ടെത്തി കേസിൽ ഉൾപ്പെടുത്താനാണ് നീക്കം.


സ്പായിലെ പണം സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക്


അന്വേഷണത്തിൽ പുറത്തുവന്ന മറ്റൊരു നിർണായക വിവരം തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറുമായുള്ള സ്പാ നടത്തിപ്പുകാരുടെ സാമ്പത്തികബന്ധമാണ്. സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന ക്യുആർ കോഡ് വഴി ഉപഭോക്താക്കൾ നൽകിയ പണം ഹെൽത്ത് ഇൻസ്പെക്ടറുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ സ്പാ നടത്തിപ്പുകാരുമായി ഉദ്യോഗസ്ഥൻ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.


ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി ഇടപാടിലൂടെയാണോ സ്പാ പ്രവർത്തിച്ചിരുന്നതെന്നതും അന്വേഷണപരിധിയിലാണ്. അറസ്റ്റിലായ നിശാന്തിന്റെ ഫോണിൽനിന്ന് കണ്ടെത്തിയ ഡിജിറ്റൽ രേഖകളും പണമിടപാടുകളും പരിശോധിച്ചുവരികയാണ്.


പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ്


രണ്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടി മാതൃസഹോദരിയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ താമസിച്ചശേഷമാണ് കുട്ടിയെ ചെന്നൈയിലെ സ്പായിൽ എത്തിച്ചത്. പിന്നീട് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജൂലൈയിൽ കോവളത്തെത്തിച്ചു. തൊഴിലിച്ചാലിലെയും ആവാടുതുറയിലെയും സ്പാകളിലാണ് കുട്ടിയെ പാർപ്പിച്ചിരുന്നത്.


സെപ്തംബർ 19ന് സ്പായിൽ പരിചയപ്പെട്ട നെയ്യാർഡാം സ്വദേശിയായ യുവാവിനൊപ്പം കുട്ടി രക്ഷപ്പെട്ടു. പിന്നാലെ മാതൃസഹോദരി കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. സെപ്തംബർ 22ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി.


കുട്ടിക്ക് 20 വയസ്സുണ്ടെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡാണ് പ്രതികൾ ഹാജരാക്കിയത്. എന്നാൽ മറ്റൊരു ആധാർ കാർഡിൽ പ്രായം 16 ആയിരുന്നു. ഇതോടെ പൊലീസ് ആന്ധ്രയിലെ കുട്ടി പഠിച്ച സ്കൂളുമായി ബന്ധപ്പെട്ടു. സ്കൂളിൽനിന്ന് ലഭിച്ച രേഖകളിലൂടെ പ്രായം സ്ഥിരീകരിക്കുകയും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കൗൺസിലിങ്ങിനിടെയാണ് മാസങ്ങളായി നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്.


ബാലാവകാശ കമ്മിഷനും ഇടപെട്ടു


സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ അംഗം ഡോ. എഫ് വിൽസണാണ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി, നഗരസഭാ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടിക്ക് ആവശ്യമായ കൗൺസലിങ് ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.


കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി സ്പാകളിൽ പൊലീസ് പരിശോധന ശക്തമാക്കി. 'ഓപ്പറേഷൻ സ്പാ'യുടെ ഭാഗമായി സംസ്ഥാനത്തെ 821 സ്ഥാപനങ്ങളിൽ 586 എണ്ണത്തിൽ പരിശോധന നടത്തി. 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചട്ടലംഘനങ്ങൾ കണ്ടെത്തിയ 44 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കുന്ന സ്പാ നടത്തിപ്പുകാർക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കാനും മുൻകേസുകളിൽ ജാമ്യം ലഭിച്ചവരുടെ ജാമ്യം റദ്ദാക്കാൻ ശ്രമിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home