പുസ്തകങ്ങൾക്കിടയിലൂടെ നടന്നു, അൽപം തേനും അകത്താക്കി; കൗതുകകരമായി കരടിയുടെ ലൈബ്രറി സന്ദർശനം

കാലിഫോർണിയ: ലൈബ്രറിയിൽ പുസ്തകം വായിക്കാനെത്തുന്നവർ സാധാരണമാണ്. എന്നാൽ പുസ്തകങ്ങൾക്കിടയിലൂടെ ഒരു കരടി നടന്നുനീങ്ങിയാലോ? അമേരിക്കയിലെ കാലിഫോർണിയയിലാണ് കൗതുകകരമായ സംഭവം. രാവിലെ ലൈബ്രറി തുറക്കുന്നതിനുമുമ്പ് അകത്തുകയറിയ കരടി ജീവനക്കാർക്കായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കി. പിന്നാലെ പുസ്തകങ്ങളും അലമാരകളും പരിശോധിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ പുറത്തേക്ക് നടന്നു. കരടിയുടെ ഈ അപ്രതീക്ഷിത സന്ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒക്ടോബർ 14ന് കാലിഫോർണിയയിലെ മാമത്ത് ലേക്സ് ലൈബ്രറിയിലായിരുന്നു സംഭവം. രാവിലെ പത്തിന് തുറക്കുന്ന ലൈബ്രറിയിൽ പുലർച്ചെ 6.10ഓടെയാണ് കരടിയെത്തിയത്. അകത്തുകയറിയ കരടി നേരെ പോയത് ജീവനക്കാർ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളുടെ അടുത്തേക്കാണ്. പീനട്ട് ബട്ടർ, പീച്ച് പഴങ്ങൾ അടങ്ങിയ കപ്പുകൾ, ബിസ്കറ്റുകൾ എന്നിവ അകത്താക്കിയ കരടിക്ക് ഒരു കുപ്പി തേനും കിട്ടി.
വയറുനിറഞ്ഞതോടെ ലൈബ്രറിയുടെ മറ്റു ഭാഗങ്ങളിലേക്കായി യാത്ര. പുതിയ പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തും വിവരങ്ങൾ അന്വേഷിക്കാൻ വായനക്കാർ സമീപിക്കുന്ന കൗണ്ടറിനടുത്തുമെല്ലാം കരടി കറങ്ങിനടന്നു. പുസ്തകങ്ങളും കസേരകളും മണത്തുനോക്കി. ഒടുവിൽ ആരുടെയും സഹായമില്ലാതെ വന്ന വഴിയിലൂടെ പുറത്തേക്കും പോയി.
കരടിയുടെ സന്ദർശനത്തിൽ ലൈബ്രറിയിലെ പുസ്തകങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ കേടുപാടുണ്ടായില്ലെന്ന് അധികൃതർ വ്യക്തമാക്കി. അലമാരകളൊന്നും മറിഞ്ഞില്ല, പുസ്തകങ്ങളൊന്നും നശിച്ചില്ല. എന്നാൽ കരടി അകത്താക്കിയ തേൻകുപ്പി മാത്രം തിരികെ കിട്ടിയില്ല!
'വിന്നി ദി പൂഹി'ന്റെ നൂറാം പിറന്നാളിൽ കരടിയുടെ വരവ്
കരടിയുടെ സന്ദർശനത്തിന് മറ്റൊരു കൗതുകകരമായ പ്രത്യേകതകൂടിയുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട കഥാപത്രമായ വിന്നി ദി പൂഹ് ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ട് കൃത്യം നൂറുവർഷം തികഞ്ഞ ദിവസമായിരുന്നു അത്.
എ എ മിൽനെ രചിച്ച വിന്നി ദി പൂഹ് 1926 ഒക്ടോബർ 14നാണ് പ്രസിദ്ധീകരിച്ചത്. തേൻ ഏറെ ഇഷ്ടപ്പെടുന്ന കരടിയാണ് കഥയിലെ പ്രധാന കഥാപാത്രം. ആ പുസ്തകത്തിന്റെ നൂറാം വാർഷികദിനത്തിൽത്തന്നെ ഒരു യഥാർഥ കരടി ലൈബ്രറിയിലെത്തി തേൻ അകത്താക്കിയതാണ് സംഭവത്തെ കൂടുതൽ രസകരമാക്കിയത്.

കരടിയുടെ ദൃശ്യങ്ങൾ പങ്കുവച്ച മോണോ കൗണ്ടി വിദ്യാഭ്യാസ ഓഫീസ്, പുതിയ ലൈബ്രേറിയൻ വിന്നി ദി പൂഹിന്റെ പുസ്തകം അന്വേഷിച്ചെത്തിയതാകാമെന്നാണ് തമാശയായി കുറിച്ചത്.
ലൈബ്രറി ഡയറക്ടർ ജോസഫ് ബോപ്പും സംഭവത്തെ തമാശയോടെയാണ് സ്വീകരിച്ചത്. വായനക്കാരുടെ ആവേശം സന്തോഷകരമാണെങ്കിലും ലൈബ്രറിയിൽനിന്ന് കൊണ്ടുപോകാവുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഭക്ഷണസാധനങ്ങൾ ഉൾപ്പെടില്ലെന്ന് മനുഷ്യരെയും കരടികളെയും ഓർമിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തമാശയ്ക്കപ്പുറം കരടികൾ വന്യമൃഗങ്ങളാണെന്ന മുന്നറിയിപ്പും അധികൃതർ നൽകി. കരടികളെ സമീപിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യരുതെന്നും ഭക്ഷണാവശിഷ്ടങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശിച്ചു.
എന്തായാലും പുസ്തകങ്ങളൊന്നും കടം വാങ്ങാതെ തേൻ മാത്രം അകത്താക്കി മടങ്ങിയ ഈ അതിഥിയാണ് ഇപ്പോൾ മാമത്ത് ലേക്സ് ലൈബ്രറിയിലെ താരം.









0 comments