പഠനോപകരണ വിതരണം തടയാൻ ശ്രമം; ബിജെപി കൗൺസിലർക്കെതിരെ ജനരോഷം

വഞ്ചിയൂർ
കടകംപള്ളി പ്രദേശത്ത് നിരന്തരമായി സംഘർഷാവസ്ഥ സൃഷ്ടിക്കാനും ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും ശ്രമിച്ച ബിജെപി കൗൺസിലർ ജയ രാജീവിനെതിരെ ജനരോഷം ശക്തം. കടകംപള്ളി വാർഡിലെ നെല്ലിക്കുഴി അങ്കണവാടിയിലെ കുട്ടികൾക്കായി ഡിവൈഎഫ്ഐ നൽകിയ പഠനോപകരണങ്ങളുടെ വിതരണം തടയാനുള്ള കൗൺസിലറുടെ നീക്കം പരാജയപ്പെട്ടു. കൗൺസിലറുടെ രാഷ്ട്രീയപ്പകയും വികസനവിരുദ്ധ നിലപാടുമാണ് ഇതിനു പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐയുടെ പഠനോപകരണ വിതരണം തടയുകയെന്ന ലക്ഷ്യത്തോടെ ജയ രാജീവ് അങ്കണവാടി ജീവനക്കാർക്കുമേൽ സമ്മർദം ചെലുത്തുകയായിരുന്നു. കൗൺസിലറെ ഭയന്ന് പഠനോപകരണങ്ങൾ സ്വീകരിക്കാൻ അധ്യാപിക ആദ്യം വിസമ്മതിച്ചു. തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൗൺസിലറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ധാർഷ്ട്യത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ അങ്കണവാടിക്ക് പുറത്തുവച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വലിയ ഉദേശ്വരം യുപി സ്കൂൾ അധ്യയന വർഷത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചതും കൗൺസിലർ ചോദ്യം ചെയ്തു. കൗൺസിലറുടെ നേതൃത്വത്തിൽ നടക്കേണ്ട ശുചീകരണം യഥാസമയം നടത്താത്തതിനെ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്കൂൾ വൃത്തിയാക്കിയത്. ഇതിലുള്ള രാഷ്ട്രീയ വിരോധം തീർക്കാനാണ് കൗൺസിലർ പഠനോപകരണ വിതരണം തടയാൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. കൗൺസിലറുടെ ജനവിരുദ്ധ പ്രവർത്തനങ്ങളിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം കടകംപള്ളി പ്രദേശത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിലുള്ള ഷെൽട്ടർ ഒഴിപ്പിക്കാനും സമാന രീതിയിൽ ശ്രമം നടന്നിരുന്നു. ബിജെപി കൗൺസിലറുടെ ജനവിരുദ്ധ നിലപാടിനെതിരെ ഡിവൈഎഫ്ഐ കടകംപള്ളി മേഖലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം നിതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വരുൺ, അഭിരാജ്, ജ്യോതിഷ്, കൃഷ്ണകുമാർ, വിശാൽ തുടങ്ങിയവർ സംസാരിച്ചു.








0 comments