print edition കോഴിക്കോട് ഇനി കളിക്കളം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം

സംസ്ഥാന സ്--കൂൾ കായികമേളയിലേക്കുള്ള ദീപശിഖ കാസർകോട് നീലേശ്വരം ചായ്യോത്ത് എച്ച്എസ്എസിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ കായികതാരം കെ സി സർവാന് കൈമാറുന്നു
ജിതിൻ ബാബു
Published on Oct 24, 2026, 12:06 AM | 2 min read
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയുടെ 68–ാം പതിപ്പിന് നാളെ കോഴിക്കോട്ട് തുടക്കം. അത്ലറ്റിക്സ് അടക്കം 12 ഇനങ്ങളിലാണ് മത്സരം. കോഴിക്കോട് നഗരത്തിൽനിന്നും 22 കിലോമീറ്റർ അകലെ ചാത്തമംഗലത്തിനടുത്തുള്ള എൻഐടിയിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നവീകരിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാണ് പ്രധാന വേദി. ഇതടക്കം 10 വേദികളാണ് 31വരെ നീളുന്ന കായികമേളയ്ക്കുള്ളത്. 11 വർഷത്തെ ഇടളേയ്ക്കുശേഷമാണ് കോഴിക്കോട് ആതിഥേയരാകുന്നത്.
ദീപശിഖാ പ്രയാണം കാസർകോട് നിന്നാരംഭിച്ചു. കണ്ണൂർ, വയനാട് ജില്ലകളിൽ പര്യടനം നടത്തും. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ സ്വർണക്കപ്പ് പര്യടനവും ദീപശിഖാ പ്രയാണവും നാളെ രാവിലെ കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. തുടർന്ന് പ്രധാന വേദിയായ എൻഐടിയിൽ എത്തും. മേളയുടെ ബ്രാൻഡ് അംബാസിഡറായ ഒളിമ്പ്യൻ പി ടി ഉഷ ദീപശിഖ തെളിക്കും.
വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്നും ഗൾഫ് മേഖലയിൽ നിന്നുമായി പതിനായിരത്തോളം കായികതാരങ്ങളാണ് അണിനിരക്കുന്നത്. മാർച്ച്പാസ്റ്റും കലാവിരുന്നുമുണ്ടാകും. ഗൾഫിലെ സ്കൂളുകളിൽ നിന്ന് 27 പേരാണ് കായികമേളക്കെത്തുന്നത്. സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയാകും.
അത്ലറ്റിക്സ് മത്സരങ്ങൾ 27 മുതൽ 31വരെയാണ്. നാളെ ഉദ്ഘാടനം മാത്രമാണുള്ളത്. വുഷു, സോഫ്റ്റ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങൾ വിവിധ വേദികളിൽ നടക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങൾ 26ന് നടക്കും. ക്രിക്കറ്റ്, ബോക്സ്ബോൾ, ഹാൻഡ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ രണ്ടായിരം കുട്ടികൾ പങ്കെടുക്കും.
പ്രഥമ സ്കൂൾ ഒളിമ്പിക്സ് ഉൾപ്പെടെ തുടർച്ചയായി രണ്ട് തവണയും തിരുവനന്തപുരത്തിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. ഗെയിംസിലും അക്വാട്ടിക്സിലും നേടിയ ആധിപത്യമാണ് തലസ്ഥാന ജില്ലയെ മുന്നിലെത്തിച്ചത്. രണ്ടാമതെത്തിയ തൃശൂരിനേക്കാൾ ആയിരത്തോളം പോയിന്റ് അധികം നേടിയത് തിരുവനന്തപുരത്തിന്റെ സമഗ്രാധിപത്യത്തിന്റെ തെളിവായി. അത്ലറ്റിക്സിൽ 22 സ്വർണത്തോടെ 247 പോയിന്റ് നേടി മലപ്പുറമായിരുന്നു ജേതാക്കൾ. 26 സ്വർണം നേടി 212 പോയിന്റുമായി പാലക്കാട് രണ്ടാമതെത്തി.









0 comments