Deshabhimani

print edition ഗ്യാനേഷ്‌ ഇറങ്ങിപ്പോ; രോഷം കത്തിപ്പടരുന്നു

sir
വെബ് ഡെസ്ക്

Published on Oct 24, 2026, 12:52 AM | 2 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ഉജ്വല പ്രതിഷേധത്തിന്‌ സാക്ഷ്യം വഹിച്ച്‌ ഡൽഹി. ‘പീപ്പിൾസ്‌ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആർ’ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന പീപ്പിൾസ്‌ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു‍.

മാർച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദന്‌ മുന്നിൽ എത്തിയപ്പോൾ പ്രതിഷേധക്കാരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ ഭായ്‌ വീർ സീങ്‌ മാർഗിൽ നിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവർ ദേശീയപതാകയുമായി മാർച്ചിൽ പങ്കെടുത്തു.


സിപിഐ എം, സിഐടിയു, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സംയുക്ത കിസാൻ മോർച്ച, സിപിഐ, എഐവൈഎഫ്‌, എഐഎസ്‌എഫ്‌, ഐസ, ദിശ, കെവൈഎസ്‌, റവല്യൂഷണറി വർക്കേഴ്‌സ്‌ പാർടി ഓഫ്‌ ഇന്ത്യ(ആർഡബ്ല്യുപിഐ) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ മാർച്ചിൽ പങ്കാളികളായി.


മാർച്ച്‌ തടഞ്ഞപ്പോൾ റോഡിൽ സമരം തുടർന്ന നേതാക്കൾ പീപ്പിൾസ്‌ പാർലമെന്റ്‌ വിളിച്ചുചേർത്ത്‌ ഗ്യാനേഷ്‌ കുമാറിനെ രക്ഷിക്കാൻ ആർക്കും സാധിക്കില്ലെന്നും വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുമെന്നും പറഞ്ഞു. എസ്‌ഐആർ റദ്ദാക്കുക, 2023ലെ തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമനനിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പീപ്പിൾസ്‌ പാർലമെന്റിൽ ഉയർന്നു.

പ്രതിഷേധക്കാർ തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിന്‌ സമീപത്തുനിന്ന്‌ പിരിയാതിരുന്നപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചാണ്‌ കസ്റ്റഡിയിലെടുത്തത്‌.


പൂജ അവധിക്ക്‌ ശേഷം ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി വീണ്ടും കത്തിപ്പടരുന്നു. പീപ്പിൾ എഗെയ്‌ൻസ്റ്റ്‌ എസ്‌ഐആറും കർഷകസംഘടനകളം വിദ്യാർഥി– യുവജന സംഘടനകളും വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത രാജ്യവ്യാപക പ്രതിഷേധത്തിൽ ആയിരങ്ങൾ അണിനിരന്നു.


ഡൽഹിയടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങൾ തെരുവിലിറങ്ങി. ഡൽഹിയിൽ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച്‌ സമരം അടിച്ചമർത്താനായിരുന്നു മോദി സർക്കാർ ശ്രമം. വിദ്യാർഥി– യുവജന പ്രസ്ഥാനങ്ങളും സിജെപിയും സംഘടിപ്പിച്ച മിന്നൽസമരങ്ങളെ അതിക്രൂരമായാണ്‌ ഡൽഹി പൊലീസ്‌ നേരിട്ടത്‌. വനിതാപ്രവർത്തകരെയടക്കം ക്രൂരമായി മർദിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥി– യുവജന നേതാക്കളെ ഇടിവണ്ടികളിട്ട്‌ തല്ലിച്ചതച്ചു. എംപിമാരെ പോലും നിർദയമാണ്‌ പൊലീസ്‌ കൈകാര്യം ചെയ്‌തത്‌.

ജന്തർ മന്തർ മേഖലയടക്കം സെൻട്രൽ ഡൽഹി അപ്പാടെ പൂർണമായും പൊലീസ്‌ നിയന്ത്രണത്തിലാക്കി. പ്രധാനറോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി. പ്രധാന മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ഫോണും ഇന്റർനെറ്റും വിലക്കി. ഡൽഹിയുടെ ഹൃദയമായ കൊണാട്ട്‌ പ്ലേസും ജന്തർമന്തറും പൂർണമായും അടച്ചു. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ച്‌ പ്രക്ഷോഭങ്ങൾക്കെതിരെ വികാരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

സമരത്തിന്‌ മുന്നിലുള്ള പല യുവനേതാക്കളെയും വിവിധ കേസുകളിൽ ഉൾപ്പെടുത്തി അറസ്റ്റ്‌ ചെയ്‌തു. ഇവരുടെ കസ്റ്റഡി കാലാവധി പലവട്ടം അന്യായമായി നീട്ടി. ജയിൽമോചിതരായവരെക്കൊണ്ട്‌ നിർബന്ധപൂർവം കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ജാമ്യ ബോണ്ടുകളിൽ ഒപ്പിടിവിച്ചു. ഇനി സമരത്തിന്‌ ഇറങ്ങില്ലെന്നും മറ്റുമുള്ള വ്യവസ്ഥകളായിരുന്നു ജാമ്യ ബോണ്ടിൽ ഉൾപ്പെടുത്തിയത്‌.


പൂജാ അവധിക്കാലത്ത്‌ സമരങ്ങൾക്ക്‌ അൽപ്പമൊന്ന്‌ അയവുവന്നതോടെ അടിച്ചമർത്തൽ വിജയിച്ചെന്ന ചിന്തയിൽ സർക്കാരെത്തി. സമരമുഖത്ത്‌ നിന്ന്‌ പിൻവാങ്ങി പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി വിയത്‌നാമിലേക്ക്‌ പറന്നതും പ്രക്ഷോഭങ്ങൾ ദുർബലപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. നേതാക്കളെ പൊലീസ്‌ വേട്ടയാടി തുടങ്ങിയതോടെ സിജെപിയും മിന്നൽ സമരങ്ങളിൽ നിന്ന്‌ പിൻവാങ്ങിത്തുടങ്ങി. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയാണ്‌ വെള്ളിയാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്‌. നവംബർ ഒന്നിന്‌ രാംലീലയിൽ ഇന്ത്യാ കൂട്ടായ്‌മ റാലി പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home