കൃഷിയിടങ്ങളിലേക്ക് ആനവണ്ടിയാത്ര


സ്വന്തം ലേഖകൻ
Published on Oct 24, 2026, 01:33 AM | 1 min read
ചേർത്തല
വിനോദ–തീർഥാടന യാത്രകൾക്ക് പുറമെ കാർഷിക ടൂറിസം യാത്രയൊരുക്കി കെഎസ്ആർടിസി ചേർത്തല ബജറ്റ് ടൂറിസം സെൽ. തനത് കൃഷിരീതികളിലൂടെ പ്രശസ്‌തനായ "വെറൈറ്റി ഫാർമർ" എസ് പി സുജിത്തിന്റെ കൃഷിയിടങ്ങളിലേക്ക് ഒരുക്കിയ യാത്ര വേറിട്ട അനുഭവമായി. ചേർത്തല ഡിപ്പോയിൽനിന്ന് തുടങ്ങിയ യാത്രയിൽ അർത്തുങ്കൽ, അരീപ്പറമ്പ്, മായിത്തറ, പുത്തനമ്പലം, കഞ്ഞിക്കുഴി തുടങ്ങിയയിടങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. ഹൈടെക്–പരമ്പരാഗത കൃഷിരീതികൾ കർഷകനിൽനിന്ന് നേരിട്ട് അറിയാൻ യാത്രക്കാർക്ക് അവസരം ലഭിച്ചു. സ്വന്തം തോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി. വിശാലമായ കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വിവിധയിനങ്ങൾ സമൃദ്ധമായി വിളഞ്ഞത് യാത്രക്കാർക്ക് വിസ്‌മയക്കാഴ്‌ചയായി. കൃഷിരീതികൾ സുജിത്ത് യാത്രക്കാർക്ക് വിവരിച്ചു. ഒടുവിൽ സന്ദർശിച്ച നഴ്സറിയിൽനിന്ന് വിത്ത് ശേഖരിച്ചായിരുന്നു മടക്കം. ചേർത്തല ബജറ്റ് ടൂറിസം സെല്ലിന്റെ ഓണാഘോഷ പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സുജിത്തിന്റെ പ്രഖ്യാപനമാണ് യാത്രയൊരുക്കാൻ പ്രചോദനമായതെന്ന് യൂണിറ്റ് കോ-–ഓർഡിനേറ്റർ ജിദീഷ് സിദ്ധാർഥൻ പറഞ്ഞു. കാർഷിക അറിവുകളും കൃഷിയനുഭവങ്ങളും പകരുക ലക്ഷ്യമാക്കി സംഘടിപ്പിച്ച യാത്രയിൽ 50 പേർ പങ്കെടുത്തു. യൂണിറ്റ് കോ–-ഓർഡിനേറ്റർ ജിദീഷ് സിദ്ധാർഥൻ, കെ ഗിരീഷ്, എസ് സനീഷ്‌കുമാർ, എം കെ രജീഷ്, എ കെ ഗിരീഷ്, ബി ദീപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.






0 comments