വനിതാ ജീവനക്കാർക്ക് വിനോദം വേണ്ട; മുറികൾ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം
കേരള ഗവ. സെക്രട്ടറിയറ്റ് വിമൻസ് വെൽഫെയർ സൊസൈറ്റി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന് അനുവദിച്ച മുറികൾക്ക് പൂട്ടിട്ട് പൊതുഭരണവകുപ്പ്. ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്ന ശിശുവിഹാറിന്റെ കളിസ്ഥലമായും ജോലിക്കിടെ ജീവനക്കാർ മാനസികോല്ലാസത്തിനായി ഇടവേളകളിൽ ഉപയോഗിച്ചിരുന്നതുമായ സെക്രട്ടറിയറ്റ് അനക്‌സ് ഒന്നിലെ രണ്ട് മുറിയാണ് തിരിച്ചെടുക്കുന്നത്. കുട്ടികൾ കളിക്കേണ്ടതില്ലെന്നും വനിതാജീവനക്കാർക്ക് റിക്രിയേഷൻ പ്രവർത്തനം പാടില്ലെന്നുമാണ് തീരുമാനം. മുറി തയ്യൽ പരിശീലന കേന്ദ്രമായും സംഗീതം, വാദ്യോപകരണം എന്നിവയുടെ പരിശീലനത്തിനും ഉപയോഗിക്കുന്നുവെന്നും ഇതൊന്നും ജീവനക്കാർക്ക് ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. 2000ലാണ് മുറികൾ ജീവനക്കാരുടെ വിനോദ ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തത്. ഗ്രൗണ്ട് ഫ്ലോറിലുള്ള രണ്ട് മുറിയും പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പിലേക്ക് തിരിച്ചെടുക്കാൻ 22നാണ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്. ഇതിനെതിരെ പ്രതിഷേധവുമായി കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തി. വകുപ്പ് നടപടി ഉടൻ റദ്ദാക്കണമെന്ന് ജനറൽ സെക്രട്ടറി എസ് എസ് ദീപു ആവശ്യപ്പെട്ടു.









0 comments