കിഫ്‌ബിക്ക് പൂട്ട് പാതിവഴിയിൽ കാരാക്കോട് പാലവും

മടിക്കൈ കിഫ്ബി പദ്ധതികൾ യുഡിഎഫ് സർക്കാർ മരവിപ്പിച്ചതോടെ കാരാക്കോട് പാലം നിർമാണവും അനിശ്ചിതത്വത്തിലായി. നിർമാണം നിലച്ചതോടെ മടിക്കൈ, കോടോം ബേളൂർ പഞ്ചായത്ത് നിവാസികൾ ആശങ്കയിലായി. നാടിന്റെ വികസന സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കരാറുകാരന്റെ അനാസ്ഥകാരണം നിർമാണം നിലച്ചപ്പോൾ നോട്ടീസ് നൽകി പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തതോടെ പുനരാരംഭിച്ച നിർമാണമാണ് ഇപ്പോൾ പൂർണമായും നിലച്ചത്. പാലത്തിന്റെ കൈവരിയും അനുബന്ധ റോഡുകളുമാണ് പൂർത്തിയാക്കാനുള്ളത്. നീണ്ട കാത്തിരിപ്പിനുശേഷമാണ് കാരാക്കോട് പാലത്തിന് ഇടതു സർക്കാർ 4.75 കോടിയുടെ നിർമാണാനുമതി നൽകിയത്. 3.68 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ച് നിർമാണം ആെരംഭിച്ചെങ്കിലും ഭരണം മാറിയതോടെ നിർമാണം നിലച്ചു. പണി നിലച്ചതോടെ വാഹനഗതാഗതവും ദുഷ്കരമായി. പാലത്തിനിരുവശത്തും മൂന്ന് മീറ്ററോളം മണ്ണിട്ട് ഉയർത്തിയാണ് താൽക്കാലിക ഗതാഗത സൗകര്യമൊരുക്കിയത്. ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാൻ പ്രയാസമാണ്. 1974-ൽ നിർമിച്ച ചെക്ക്ഡാമിന്റെ ട്രാക്ടർ വേയിലൂടെയാണ് മുമ്പ് വാഹനങ്ങൾ പോയിരുന്നത്. കാലവർഷം കനത്താൽ കാൽനടയാത്രപോലും സാധ്യമല്ല. മലയോരപ്രദേശങ്ങളായ പനങ്ങാട്, എണ്ണപ്പാറ, പേരിയ, ആനക്കുഴി, കാലിച്ചാനടുക്കം, പാണത്തൂർ മേഖലകളെ എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്നതാണ് പാലം. 56 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 2024 മാർച്ച് ഒൻപതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിലൂടെയാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. 80 ശതമാനം പണി തീർന്ന പദ്ധതി ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോവുകയാണ്.








0 comments