Deshabhimani

വനിതാ ബറ്റാലിയൻ ക്യാമ്പ്‌

അങ്കണവാടി ഒഴിപ്പിക്കലിൽനിന്ന്‌
പിൻവാങ്ങി പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 24, 2026, 02:13 AM | 1 min read

കഴക്കൂട്ടം

മേനംകുളം പൊലീസ് വനിതാ ബറ്റാലിയൻ ക്യാമ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി ഒഴിപ്പിക്കാനുള്ള നീക്കം വിവാദമായതോടെ നടപടിയിൽനിന്ന് പൊലീസ് പിൻവാങ്ങി. അങ്കണവാടിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. ആറ്‌ കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിൽ വ്യാഴാഴ്ച കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രവേശിപ്പിക്കാതിരുന്നതോടെയാണ് സംഭവം വിവാദമായത്. നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് അങ്കണവാടി തുറന്നുനൽകി. വൈകിട്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കളെ ഉദ്യോഗസ്ഥർ ഗേറ്റിന് പുറത്തുനിർത്തി. തുടർന്ന് അങ്കണവാടി ജീവനക്കാരാണ് കുട്ടികളെ പുറത്തേക്കെത്തിച്ചത്. അങ്കണവാടി ഒഴിപ്പിച്ച് കെട്ടിടത്തിലെ മുറികൾ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ താമസത്തിനായി ഉപയോഗിക്കാനാണ് നീക്കമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അങ്കണവാടിക്കുള്ളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങളും ബാഗുകളും ലാത്തിയും ഷീൽഡും ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ പൊലീസുകാർ കെട്ടിടത്തിൽ വിശ്രമിക്കുന്നതായും അവർ പറഞ്ഞു. അതേസമയം, ഗെയിംസ് വില്ലേജിനായി നിർമിച്ച കെട്ടിടത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് പൊലീസിന്റെ നിലപാട്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശുചിമുറി സൗകര്യമില്ലാത്തതും പരിസരം കാടുമൂടിക്കിടക്കുന്നതുമായ കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. അങ്കണവാടി ഒഴിയണമെന്ന് ആവശ്യപ്പെടുമ്പോൾ കുട്ടികൾക്ക് പകരം സംവിധാനം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home