print edition മെഡൽ സൂക്ഷിക്കാൻ ഇവർക്കൊരു ഇടമുണ്ട്

സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ നിവേദ്യ കലാധർ സ്വർണം നേടുന്നു
നെബിൻ കെ ആസാദ്
Published on Oct 29, 2026, 01:21 AM | 1 min read
കോഴിക്കോട് : സോനയും ദൃശ്യയും നിവേദ്യയും കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂൾ കായികമേളക്ക് വണ്ടി കയറുമ്പോൾ അടച്ചുറപ്പുള്ളൊരു വീടില്ലാത്തതിന്റെ വിങ്ങലുണ്ടായിരുന്നു മനസിൽ. സ്വർണനേട്ടത്തിന് പിന്നാലെ വീടില്ലാത്തവരെ ചേർത്തു പിടിക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം ആശ്വാസമായി.
സർക്കാരിന്റെ ആഹ്വാനം കെഎസ്‌ടിഎ ഏറ്റെടുത്തതോടെ മൂന്നു പേർക്കും വീടുയർന്നു. ഇത്തവണയും മൂന്നു പേരും പൊന്നണിഞ്ഞു. പൊരുതി നേടിയ സ്വർണമെഡലുകൾ സൂക്ഷിക്കാൻ സ്വന്തമായി ഒരിടമുണ്ടെന്ന സന്തോഷത്തിലാണ് താരങ്ങൾ. കോട്ടയം എം ഡി സെമിനാരി എച്ച്‌എസ്‌എസിലെ ആർ ദൃശ്യ സീനിയർ പെൺകുട്ടികളുടെ റോളർ സ്‌കേറ്റിങിൽ 1000, 3000 മീറ്ററിലാണ് ഇക്കുറിയും സ്വർണനേട്ടം ആവർത്തിച്ചത്.
പെയിന്റിങ് തൊഴിലാളിയായ രാജേഷിന്റെയും ദീപ കുമാരിയുടെയും ഏകമകളായ ദൃശ്യക്ക് മാടപ്പള്ളി പുന്നാംചിറ കൊട്ടാരംകുന്നിലാണ് കെഎസ്‌ടിഎ വീട് നിർമിച്ചു നൽകിയത്. ‘സ്‌കേറ്റിങ് വില്ല’ എന്നാണ് വീടിന് പേര് നൽകിയത്. പരിമിതമായ സൗകര്യമുള്ള വാടക വീട്ടിലാണ് ദൃശ്യയും കുടുംബവും കഴിഞ്ഞിരുന്നത്.
വടവന്നൂർ വിഎംഎച്ച്‌എസിലെ വിദ്യാർഥിയായ നിവേദ്യ കലാധർ സീനിയർ പെൺകുട്ടികളുടെ 400, 1500 മീറ്റർ ഓട്ടത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ വർഷവും ഇരട്ട സ്വർണമുണ്ടായിരുന്നു. ചെറുവത്തൂർ കാടങ്കോടാണ് നിവേദ്യക്ക് വീട് ഉയർന്നത്. സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് കുട്ടമത്ത് ജിഎച്ച്‌എസ്‌എസിലെ ടി സോനമോഹൻ സ്വർണനേട്ടം ആവർത്തിച്ചത്.
നിർമാണം പൂർത്തിയായ വീടിന്റെ പാലുകാച്ചൽ നടക്കാനിരിക്കെയാണ് ഇത്തവണയും സ്വർണം എറിഞ്ഞിട്ടത്. മീറ്റ് റെക്കോഡ് നേട്ടത്തോടെയുള്ള കഴിഞ്ഞ വർഷത്തെ പ്രകടനമാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ഓട്ടോ ഡ്രൈവറായ പി പി മോഹൻ–ടി സൗമ്യ ദമ്പതികളുടെ മകളാണ്.









0 comments