ചോക്ലേറ്റ് വേൾഡ്

രഞ്ചന്‍ ജോസും ഭാര്യ രജനി ബേബിയും
സിറിൾ രാധാകൃഷ്‌ണൻ
Published on Oct 29, 2026, 02:36 AM | 1 min read
കൊച്ചി
രുചിവൈവിധ്യങ്ങളുടെ മായാലോകത്തെത്തിയതുപോലെയാണ് കാലടി നടുവട്ടം കൊക്കോ റിച്ച് ചോക്ലേറ്റ് ഫാക്ടറിയിലെത്തി മടങ്ങുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. ചോക്ലേറ്റിന്റെ വലിയ ലോകത്തുനിന്ന് ഏതു രുചിയാണ്, പുതിയ ഇഷ്ടമാണ് നമ്മളിലേക്കെത്തുക എന്ന് പറയാനാകില്ല, അത്രമേലുണ്ട് ഇവിടത്തെ രുചിവൈവിധ്യം. ആഗോള കുത്തക കമ്പനികള്‍ വാഴുന്ന ചോക്ലേറ്റ് വിപണിയില്‍ കൊക്കോ റിച്ച് എന്ന ബ്രാന്‍ഡിന് ഇന്ന് തനതായ ഇടമുണ്ട്. സ്വന്തം തോട്ടത്തില്‍ വിളവെടുക്കുന്ന കൊക്കോ അതേ വളപ്പില്‍ത്തന്നെ നിലവാരമുള്ള ബ്രാന്‍ഡഡ് ഉൽപ്പന്നമാക്കുന്നുവെന്നതാണ് രഞ്ചന്‍ ജോസ് സ്ഥാപിച്ച കൊക്കോ റിച്ചിന്റെ പ്രത്യേകത.
തോട്ടത്തിൽനിന്ന് നേട്ടത്തിലേക്ക്....
അഞ്ചരപ്പതിറ്റാണ്ടുമുമ്പ് ഇപ്പോഴത്തെ തോട്ടത്തില്‍ കുടുംബത്തിനൊപ്പം ജോലിചെയ്താണ് താനും വളര്‍ന്നത്. പുറത്തു വില്‍ക്കുകയായിരുന്നു ആദ്യം, സഹോദരങ്ങള്‍ കൃഷിയില്‍ തുടരാന്‍ ആഗ്രഹിച്ചപ്പോള്‍ സംരംഭം ആരംഭിക്കാനാണ് താന്‍ ആഗ്രഹിച്ചത്. അതാണ് 2014ല്‍ കൊക്കോ റിച്ചായത്. നിരവധി പരാജയത്തിനിപ്പുറമാണ് ഇന്നത്തെ നിലയിലേക്കെത്തിയത്– രഞ്ചന്‍ ജോസ് പറയുന്നു.
റിയല്‍ കുവര്‍ച്ചര്‍ ചോക്ലേറ്റ് മാത്രമാണ് വില്‍പ്പന. ബംഗളൂരുവിലെയും കൊരട്ടിയിലെയും ലാബുകളിലാണ് ഗുണനിലവാരം പരിശോധിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി കൊക്കോ പള്‍പ്പില്‍നിന്ന് ഡ്രിങ്ക് നിര്‍മിച്ചതും ഇവിടെയാണ്. റൂബി ചോക്ലേറ്റാണ് മറ്റൊരു സിഗ്‌നേച്ചര്‍ ഉല്‍പ്പന്നം. ഐസ്‌ക്രീം, കേക്ക്, ഡോനട്ട്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നം, ബട്ടര്‍, പൗഡര്‍മുതല്‍ കൊക്കോ വിനാഗിരിവരെ 40 കൊക്കോ മൂല്യവര്‍ധിത ഉൽപ്പന്നം ഇവിടെയുണ്ട്.
ഫാം ടൂറും ഇന്‍ഡസ്ട്രിയല്‍ വിസിറ്റും...
ചോക്ലേറ്റിന്റെ ഓരോ നിര്‍മാണഘട്ടവും കണ്ടറിഞ്ഞ് വിവിധ രുചി നുണയാമെന്നതും ഫാം ടൂറും ഇവിടത്തെ പ്രത്യേകതയാണ്. നിരവധിപേരാണ് ചോക്ലേറ്റുകൾ രുചിക്കാനും ഫാം കാണാനും എത്തുന്നത്. ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി വിദ്യാര്‍ഥികളും സംരംഭകരുമെത്തുന്നു. വര്‍ഷങ്ങളായുള്ള കൃഷി, ചോക്ലേറ്റ് നിര്‍മാണം എന്നിവയിലൂടെ ആര്‍ജിച്ച അറിവ് ഇവിടെയെത്തുന്നവര്‍ക്ക് പകരുന്നതിലും തൽപരനാണ് രഞ്ചന്‍. കുഞ്ഞുങ്ങള്‍മുതല്‍ വയോധികര്‍വരെ കഴിക്കേണ്ട ചോക്ലേറ്റ് ഇനവും അളവും പ്രത്യേകതകളും വിവരിക്കുമ്പോള്‍ ഇദ്ദേഹം ഒരു ‘അധ്യാപക’നാകും. മലയാറ്റൂര്‍ നക്ഷത്രത്തടാകത്തിലേക്കും കാലടി പ്ലാന്റേഷന്‍ മേഖലയിലേക്കും വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്ക് യഥാര്‍ഥ ചോക്ലേറ്റ്‌രുചി നുണയാന്‍ പറ്റിയ മസ്റ്റ് ട്രൈ സ്‌പോട്ടാണ് ‘കൊക്കോ റിച്ച് ചോക്ലേറ്റ് ഫാക്ടറി'. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് സന്ദര്‍ശകസമയം.








0 comments