ഫണ്ട് അനുവദിക്കുന്നതിലും കോൺഗ്രസ് – ബിജെപി ഡീൽ

അമ്പലപ്പുഴ
കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ഫണ്ടനുവദിക്കുന്നതിൽ ബിജെപി ജനപ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് തെരഞ്ഞെടുപ്പ് ഡീലിന്റെ തുടർച്ചയെന്ന് ഇരുപാർടികളിലും പരാതി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 16–-ാം വാർഡിലെ കന്നിയേൽ- വാടയ്‌ക്കകം റോഡിനാണ് കോൺഗ്രസുകാരനായ ജില്ലാ പഞ്ചായത്ത് ഡിവിഷനംഗം പണം അനുവദിച്ചത്. ബിജെപി പഞ്ചായത്തംഗത്തിന്റെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10–-ാം വാർഡിലെ റോഡിന് 20 ലക്ഷം രൂപ ആഴ്‌ചകൾക്ക് മുമ്പ് അനുവദിച്ചതിന് പിന്നാലെയാണ് മറ്റൊരു പഞ്ചായത്തിലെ ബിജെപി അംഗത്തിന്റെ വാർഡിൽ റോഡ് നിർമാണത്തിന് 38 ലക്ഷം രൂപ അനുവദിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തും, കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങളുള്ള വാർഡുകളെയും അവഗണിച്ച് ബിജെപി പഞ്ചായത്തംഗങ്ങളുടെ വാർഡുകളിൽ വലിയ തോതിൽ തുക അനുവദിക്കുന്നത് തെരഞ്ഞെടുപ്പിലെ ഡീലിന്റെ ഭാഗമാണന്ന് കോൺഗ്രസ് മണ്ഡലം നേതാക്കളും പ്രവർത്തകരും പറയുന്നു. 30 ലക്ഷം രൂപ അനുവദിച്ച വാർഡിൽ ജില്ലാ പഞ്ചായത്തംഗത്തിനും വിജയിച്ച ബിജെപി വാർഡ് മെമ്പർക്കും തുല്യമായ വോട്ട് ലഭിച്ചപ്പോൾ, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് വാർഡ് മെമ്പർക്ക് ലഭിച്ച വോട്ടുകൾ പോലും ലഭിച്ചില്ല. ഇതിന് പ്രതിഫലമായാണ് ബിജെപി അംഗത്തിന്റെ വാർഡിൽ മാത്രം ഫണ്ടനുവദിക്കുന്നത്. വോട്ടുകച്ചവടത്തിനെതിരെ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപി പ്രവർത്തകർ. റോഡിന് ഫണ്ടനുവദിച്ച കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗത്തിനും പഞ്ചായത്തംഗത്തിനും അഭിവാദ്യമർപ്പിച്ചുള്ള പോസ്‌റ്ററുകൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിവാദമായതോടെ ഇവ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് നീക്കി.








0 comments