മോട്ടോറിന്റെ പാർട്‌സുകൾ മോഷണം പോയി
ജനറൽ ആശുപത്രിയിൽ വെള്ളമില്ല; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ

ജനറൽ ആശുപത്രിയിൽ കുടിവെള്ളം പുനസ്ഥാപിക്കാത്തതിൽ ഡിവെെഎഫ്ഐ പ്രതിഷേധിക്കുന്നു
ആലപ്പുഴ
ജനറൽ ആശുപതിയിൽ ഒരിറ്റു വെള്ളമില്ലാതെ രണ്ട് ദിവസമായി രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം ദുരിതത്തിൽ. ആശുപത്രിയിലെ വാട്ടർ ടാങ്കിൽ വെള്ളം പമ്പ് ചെയ്യുന്ന കംപ്രസിബിൾ മോട്ടോറിന്റെ ചെമ്പുകമ്പിയും പിച്ചള വാൽവും മോഷ്‌ടാക്കൾ കവന്നർന്നതോടെയാണ് ആശുപത്രിയിൽ ചൊവ്വാഴ്‌ച പൂർണമായി വെള്ളം മുടങ്ങിയത്. കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ വലഞ്ഞു. അത്യാഹിതവിഭാഗത്തിലും ഏറെ ബുദ്ധിമുട്ട് നേരിട്ടു. ബുധനാഴ്‌ചയും വെള്ളം ലഭിക്കാതായതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് കലക്‌ടർ ഇടപെട്ട് വൈകിട്ടോടെ ടാങ്കർലോറികളിൽ വെള്ളമെത്തിച്ചാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലും സമീപമുള്ള ആരോഗ്യസ്ഥാപനങ്ങളിലേക്കും വെള്ളമെത്തിക്കുന്ന മോട്ടോറാണ് പ്രവർത്തിക്കാൻ കഴിയാതിരുന്നത്. ജനറൽ ആശുപത്രിക്ക് പുറമെ ജില്ലാ മെഡിക്കൽ ഓഫീസ്, ടി ബി കേന്ദ്രം, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലും വെള്ളം മുടങ്ങി. ഡിഎംഒ ഓഫീസിൽ നടത്താനിരുന്ന ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്കുള്ള പരിശീലന പരിപാടി കടപ്പുറം വനിത-ശിശു ആശുപത്രിയിലേക്ക് മാറ്റി. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ മാത്രമാണ് വെള്ളമെത്തിയത്. ഇവിടെ മറ്റൊരു പമ്പുള്ളതാണ് ആശ്വാസമായത്. വിലകൂടിയ ചെമ്പുകമ്പിയാണ് മോഷണം പോയത്. ഇത് കോയമ്പത്തൂരിൽനിന്ന് ലഭ്യമായാലേ മോട്ടോർ പ്രവർത്തിപ്പിക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. അതിനാൽ, വ്യാഴാഴ്‌ചയും ടാങ്കർലോറികളിൽ വെള്ളമെത്തിക്കേണ്ടിവരും. മോഷ്‌ടാക്കളെ കണ്ടെത്താൻ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രാത്രിയായാൽ ജനറൽ ആശുപത്രിയിലെ ആളൊഴിഞ്ഞ പ്രദേശം സമൂഹവിരുദ്ധരുടെ താവളമാണ്. ഇവിടങ്ങളിൽ നിരീക്ഷണ കാമറകളില്ല. പുതിയ കെട്ടിടത്തിലെ കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.








0 comments