ആലുവ മാർത്താണ്ഡവർമ പാലം
അറ്റകുറ്റപ്പണി തുടങ്ങി ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

ആലുവ
ആലുവ മാർത്താണ്ഡവർമ പഴയപാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ബുധൻ രാവിലെ ഒന്പതിന് പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ പുതിയ പാലത്തിലൂടെ ഇരുവശത്തേക്കും പോകേണ്ട വാഹനങ്ങളുടെ നീണ്ടനിര ഇരുവശത്തും രൂപപ്പെട്ടു. തോട്ടക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. പുലർച്ചെമുതൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പഴയപാലം രാവിലെ ഒന്പതിനുശേഷമാണ് അടച്ചത്.
സിറ്റി, റൂറൽ പൊലീസ് തമ്മിലുള്ള ഏകോപനമില്ലായ്മയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. എറണാകുളത്തുനിന്നുള്ള വലിയവാഹനങ്ങൾ കളമശേരിയിൽ തിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നതെങ്കിലും പൊലീസ് സംവിധാനം ഏർപ്പെടുത്തിയില്ല. ഇതോടെ ടോറസ്, ട്രെയിലർ കണ്ടയ്നർ ലോറികൾ ഉൾപ്പെടെയുള്ളവ ആലുവ കടക്കാൻ ഏറെ സമയമെടുത്തു. അങ്കമാലിയിൽനിന്ന് വരുന്ന വലിയവാഹനങ്ങൾ വഴിതിരിച്ചുവിട്ടതിനാൽ എറണാകുളത്തേക്ക് വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി.
പാലത്തിന്റെ അറ്റകുറ്റപ്പണി എത്രയുംപെട്ടെന്ന് നടത്തണമെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തിരക്കിട്ട് ജോലി ആരംഭിച്ചത്. ഏഴ് ദിവസംകൊണ്ട് മാർത്താണ്ഡവർമ പാലത്തിലെ പണി പൂർത്തീകരിച്ചശേഷം ദേശം പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനാണ് ദേശം പാലം അറ്റകുറ്റപ്പണി രണ്ടാമതാക്കിയത്.
1940ൽ സ്ഥാപിതമായ മാർത്താണ്ഡവർമ പാലത്തിൽ പലവട്ടം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും ഗർഡറുകൾക്കിടയിൽ ഇപ്പോഴാണ് പണികൾ നടത്തുന്നത്. പാലത്തിൽ ഗർഡറുകൾ ചേരുന്ന ഭാഗത്ത് ഇരുമ്പിൽ നിർമിച്ച എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിക്കൽ തുടങ്ങി. ഇവ ഗർഡറുകൾക്കിടയിൽ സ്ഥാപിച്ച് വെൽഡ് ചെയ്ത് യോജിപ്പിച്ചശേഷം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗർഡറുകളുടെ ഇടയിൽ ഉണ്ടാകുന്ന ചാട്ടം ഒഴിവാകും. കാക്കനാട് ഐടി മേഖലയിലുള്ള പലസ്ഥാപനങ്ങളും ജീവനക്കാർക്ക് വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയത് വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചു.








0 comments