പ്രതീക്ഷകളോടെ അനാമിക


ജിജോ ജോർജ്
Published on Sep 15, 2026, 12:09 AM | 1 min read
പുതുതലമുറ താരങ്ങളിൽ എറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന അത്‌ലീറ്റാണ് ഏഷ്യൻ ഗെയിംസ് ഹെപ്‌റ്റാത്തലണിൽ മത്സരിക്കുന്ന കെ എ അനാമിക. പാലക്കാട് കക്കോട്ടുകാവ് സ്വദേശിനിയാണ്. ബെല്ലാരിയിൽ ജെഎസ്‌ഡബ്ല്യു ഇൻസ്‌പെയർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ ഡി അരുൺലാലിന് കീഴിലാണ് പരിശീലനം. പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലാർക്കാണ് ഇരുപത്തിരണ്ടുകാരി.
പ്രതീക്ഷ
മികച്ച പ്രകടനം നടത്തി മെഡൽ നേടാൻ തന്നെയാണ് ആഗ്രഹം. നിലവിൽ ഏഷ്യൻ റാങ്കിൽ നാലാമതാണ്. റാങ്കിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നവർ വലിയ വ്യത്യാസമില്ല. മത്സര ദിവസം നന്നായി പെർഫോം ചെയ്‌താൽ മെഡൽ ലഭിക്കും. 5685 പോയിന്റാണ് മികച്ച പ്രകടനം. ഇത് ആറായിരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഒരുക്കം
ഏഷ്യൻ ഗെയിംസ് മുന്നിൽ കണ്ട് ഭുവനേശ്വറിലെ ഇന്ത്യൻ ക്യാന്പിലായിരുന്നു അവസാനവട്ട ഒരുക്കം. ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ നേതൃത്വത്തിൽ പോളണ്ടിലും ചെക് റിപ്പബ്ലിക്കിലുമായി നടത്തിയ പരിശീലനം ഗുണം ചെയ്‌തു. ഒളിന്പിക്‌സ് മെഡൽ ജേതാക്കളായ താരങ്ങളുടെ പരിശീലന രീതികൾ കാണാനും പരിചയപ്പെടാനും അവസരം കിട്ടി.
വെല്ലുവിളി
ഏഷ്യൻ ഗെയിംസ് പോലുള്ള വലിയ മത്സരവേദിയിൽ ആദ്യമായാണ്. അതിന്റെ ആകാംക്ഷയുണ്ട്. മത്സര ദിവസം മികച്ച പ്രകടനം നടത്താൻ കഴിയണം. ജപ്പാനിൽ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.








0 comments