കേരളം ഭരിക്കുന്നത് ടീം യുഡിഎഫ് അല്ല ഏറ്റുമുട്ടുന്ന യുഡിഎഫ്: ജനാധിപത്യ കേരളത്തിന് അപമാനം; ടി പി രാമകൃഷ്ണൻ

ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: തമ്മിലടിക്കുന്ന മുന്നണിയും, മന്ത്രിസഭയിൽ ഏറ്റുമുട്ടുന്ന മന്ത്രിമാരും ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. യുഡിഎഫിലെ ഭിന്നതകൾ കൂടുതൽ പുറത്തുവരുന്ന നിലയിലാണ് ഘടക കക്ഷികളുടെ പ്രതികരണങ്ങൾ ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനും, മന്ത്രി ഷിബു ബേബിജോണും നടത്തിയ പ്രതികരണങ്ങൾ അതാണ് വ്യക്തമാക്കുന്നത്. യുഡിഎഫ് കൺവീനറും, കോൺഗ്രസ് നേതൃത്വവുമാണ് നിലപാടുകൾ വ്യക്തമാകേണ്ടത്.
അഭിപ്രായങ്ങൾ പറയാനുള്ള രാഷ്ട്രീയ വേദി യുഡിഎഫ് ആണെന്ന് ആർഎസ്പി നേതാവ് ആവർത്തിച്ച് വ്യക്തമാക്കുന്നു, ലീഗിന്റെ നിലപാടും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ പ്രതികരണമാണ്. ഇത്തരം നിലപാടുകൾ തുടർച്ചയായി യുഡിഎഫ് ഘടക കക്ഷികളിൽ നിന്നുണ്ടായിട്ടും ഭരണവും യുഡിഎഫും ശക്തമാണെന്ന് അഭിപ്രായം പറയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ടീം യുഡിഎഫ് അല്ല ഏറ്റുമുട്ടുന്ന യുഡിഎഫ് ആണ് കേരളം ഭരിക്കുന്നതെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ ശക്തിപ്പെട്ട് വരുന്ന സമരാന്തരീക്ഷം കണ്ടില്ലെന്ന് നടിക്കാൻ ആർക്കെങ്കിലും കഴിയുമോ? യുഡിഎഫ് നിലപാടാണ് ഇത്തരം സാഹചര്യം തുടർച്ചയായി സൃഷ്ടിക്കുന്നത്. എൽപിഎസ്ടി സമരത്തിന്റെ നേതാവായ വളർമതി ഹൃദയം പൊട്ടി പരസ്യമായി പറഞ്ഞത്. തമ്പ്രാനെന്ന് വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. തൊഴിലാളികൾക്കും, ജനങ്ങൾക്കും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല
ബോർഡുകളുടെയും, കോർപ്പറേഷനുകളുടെയും ചുമതലകൾ നിർണ്ണയിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും യുഡിഎഫിന് കഴിയുന്നില്ല. മുന്നണിയിലെ പാർട്ടികൾക്ക് സ്ഥാനമാനങ്ങൾ നിർണ്ണയിക്കുന്നതിലേക്കാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധി പോലുള്ള സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ജോലിയും, കൂലിയും നേരിട്ട് നൽകുന്നതാണ്. നിരവധി സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകളും, ഭാവി സംരക്ഷണ നടപടികളും നിർണ്ണയിക്കാൻ കഴിയുന്നില്ല. ഇത് അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളോട് സ്വീകരിക്കുന്ന കടുത്ത അനീതിയാണ് എല്ലാ വിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഈ പ്രശ്നങ്ങളിൽ ഉയർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ലംഘനവും, കടുത്ത പ്രതികാര മനോഭാവവുമാണ് മുഖ്യമന്ത്രി തുടരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ പലതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ്. എണ്ണിയെണ്ണി പകരം ചോദിച്ച് പ്രതികാരം ചെയ്യുമെന്നാണ് മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചത്. എല്ലാ ജനവിഭാഗങ്ങളോടും നീതി പുലർത്തേണ്ട ഭരണാധികാരികൾ പ്രതികാര മനോഭാവം നിലനിർത്തുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവരുമെന്ന് ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.








0 comments