കുട്ടികളുടെ ഭാവി തുലച്ചേ അടങ്ങൂ; സിസാ തോമസ് ഡിവിഷൻ ബെഞ്ചിന് ഹർജി നൽകി

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ കുട്ടികളുടെ സസ്‌പെൻഷൻ പിൻവലിച്ച കോടതി വിധി അനുസരിക്കാൻ തയ്യാറാകാത്ത വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി. സുപ്രീംകോടതി നിർദേശപ്രകാരം കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് വിസിയുടെ അപ്പീൽ. ഇതോടെ തികച്ചും സമാധാനപരമായി അവസാനിച്ച വിഷയത്തെ സർവകലാശാലയ്‌ക്ക് ചീത്തപ്പേരുണ്ടാകുന്ന തലത്തിലേക്ക് വൈസ് ചാൻസലർ തന്നെ കൊണ്ടുപോവുകയാണ്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് 16 വിദ്യാർഥികളുടെ സസ്പെൻഷൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് സസ്പെൻഷൻ റദ്ദാക്കിയത്. സസ്പെൻഷൻ പിൻവലിക്കാൻ മാപ്പപേക്ഷ നൽകണമെന്ന സർവകലാശാലയുടെ നിബന്ധനയും കോടതി തള്ളിയിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ, തികഞ്ഞ വൈരാഗ്യത്തോടെ വിദ്യാർഥികളെ സസ്‌പെന്റ് ചെയ്‌തു കാരണമാണ് സർവകലാശാലക്കെതിരെ സിംഗിൾ ബെഞ്ച് വിധിയുണ്ടായത്. അതെല്ലാം അവഗണിച്ച്, വിദ്യാർഥികളുടെ ഭാവി തകർക്കുകയെന്ന കടുത്ത ദുർവാശിയോടെ വിസി ഇൗ വിഷയത്തെ സമീപിക്കുന്നതിനുള്ള തെളിവാണ് അപ്പീൽ. പരീക്ഷയെഴുതാൻ പോലും അനുവദിക്കാതെ വിദ്യാർഥികളെ പ്രയാസപ്പെടുത്തിയതിനു പിന്നാലെയാണ് കേരളം മുന്പൊരിക്കലും കാണാത്ത തരം നിലപാടുമായി ഒരു വിസി മുന്നോട്ടു പോകുന്നത്.
സർവകലാശാലയ്‌ക്ക് വലിയ ചീത്തപ്പേരുണ്ടാക്കാൻ മാത്രമേ കുട്ടികൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തമുള്ള വിസിയുടെ ഇപ്പോഴത്തെ നിലപാട് വഴിവെക്കൂ. കേരളത്തിലും പുറത്തും സർവകലാശാലയുടെ പേര് മോശമാകാൻ ഇതിടയാക്കും. ഇത് സർവകലാശാലയുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും.








0 comments