ഡൽഹി കലാപ ഗൂഡാലോചന കേസ്: ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഡാലോചന കേസിൽ യു എ പി എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ചുള്ള ഡൽഹി ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരുവരും സമര്‍പ്പിച്ച ഹർജിയാണ് പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിലെ 'ഗൂഢാലോചന' ആരോപിച്ചാണ് യുഎപിഎ ചുമത്തി ഇരുവരെയും ജയിലിൽ അടച്ചത്. ഇതിൽ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാൻ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് സുപ്രീം കോടതി നേരത്തെ ഏര്‍പ്പെടുത്തിയ ഒരു വർഷ കലാവധി അവസാനിക്കാനിരിക്കയുമാണ്. ഈ സഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്.
ആറു വർഷം ജയിലിൽ
ഒറ്റ സാക്ഷിയെയും വിസ്തരിച്ചില്ല
ആറ് വർഷവും ഒമ്പത് മാസവും വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞിട്ടും ഒരൊറ്റ സാക്ഷിയെ പോലും വിസ്തരിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഇമാം ഹർജിയിൽ ചൂണ്ടിക്കാട്ടി. 2020 സെപ്റ്റംബർ 25-നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 18 പ്രതികൾ വിചാരണ നേരിടുന്ന കേസിൽ 47 സംരക്ഷിത സാക്ഷികൾ ഉൾപ്പെടെ 900-ലധികം സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇനിയും ജയിലിൽ തുടരാൻ സാഹചര്യം സൃഷ്ടിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടികാട്ടി.








0 comments