Deshabhimani

സിഐടിയു പാർലമെന്റ് മാർച്ച്: ഒരു ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുക്കും

CITU Flag
വെബ് ഡെസ്ക്

Published on Nov 24, 2026, 02:17 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുക്കും. വിവിധ തൊഴിൽ മേഖലകളെ പ്രതിനിധീകരിച്ച് ഡൽഹിയിലേക്ക് എത്തുന്ന പ്രക്ഷോഭകരിൽ 50,000 വനിതാ തൊഴിലാളികൾ മാർച്ചിന് നേതൃത്വം നൽകും.


കരിനിയമങ്ങളായ നാല് ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ മഹാപ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മാർച്ചിന് തുടർച്ചയായി രാംലീല മൈതാനിയിൽ ത്രിദിന രാപ്പകൽ സമരവും നടക്കും. പ്രക്ഷോഭത്തിന്റെ പശ്ചാത്തലവും ആവശ്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നവംബർ 25ന് ഉച്ചയ്ക്ക് മൂന്നിന് ഡൽഹി പ്രസ് ക്ലബ്ബിൽ പ്രത്യേക വാർത്താ സമ്മേളനം ചേരും. മാർച്ചിന്റെ ഒരുക്കങ്ങളെക്കുറിച്ച് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് സുദീപ് ദത്ത, ദേശീയ സെക്രട്ടറി എ ആർ സിന്ധു എന്നിവർ മാധ്യമങ്ങളോട് വിശദീകരിക്കും.


തൊഴിലാളിവർഗ പോരാട്ടത്തിന് കരുത്തുപകർന്നുകൊണ്ട് രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവർ പുറത്തിറക്കുന്ന സംയുക്ത ഐക്യദാർഢ്യ പ്രസ്താവനയും നാളത്തെ വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ജെഎൻയു പ്രൊഫസർ എമെറിറ്റസും വർക്കേഴ്സ് മാർച്ച് സ്വാഗതസംഘം ചെയർമാനുമായ പ്രൊഫ. പ്രഭാത് പട്നായിക്, സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ. ജയതി ഘോഷ് (മസാച്ചുസെറ്റ്സ് സർവകലാശാല), ഡൽഹി സർവകലാശാലയിലെ തൊഴിൽ ചരിത്രകാരനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ലേബർ ഹിസ്റ്റോറിയൻസ് സെക്രട്ടറിയുമായ പ്രൊഫ. പ്രഭു മൊഹപത്ര എന്നിവരാണ് ഐക്യദാർഢ്യ പ്രസ്താവന പുറത്തിറക്കുന്നത്.


രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ ഈ തൊഴിലാളി മുന്നേറ്റത്തിനുള്ള രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖർ മാധ്യമങ്ങളോട് സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home