തെരുവത്ത് രാമന്‍ അവാര്‍ഡ് ദേശാഭിമാനി സ്പോര്‍ട്സ് ന്യൂസ് എഡിറ്റർ ആര്‍ രഞ്ജിത്തിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2025ലെ മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമൻ അവാർഡിന് ദേശാഭിമാനി സ്പോർട്സ് ന്യൂസ് എഡിറ്റർ ആർ രഞ്ജിത്ത് അർഹനായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കാലിക്കറ്റ് പ്രസ് ക്ലബുമായി ചേർന്ന് ഏർപ്പെടുത്തിയതാണ് അവാർഡ്. 2025 ഒക്ടോബർ ഒന്നിന് ‘കളി മതി, യുദ്ധം വേണ്ട’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് രഞ്ജിത്തിനെ അവാർഡിന് അർഹനാക്കിയതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത് എന്നിവർ അറിയിച്ചു.
കളിക്കളങ്ങൾ പരസ്പര സൗഹൃദത്തിന്റെയും കായികമര്യാദയുടെയും വേദിയാകണമെന്ന സന്ദേശമാണ് മുഖപ്രസംഗം മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–പാകിസ്ഥാൻ കളിക്കാർക്കിടെയുണ്ടായ അസ്വാരസ്യങ്ങളും ഹസ്തദാനത്തിന് തയ്യാറാകാതിരുന്നതും സമ്മാനദാനച്ചടങ്ങിലെ അസ്വാഭാവിക രംഗങ്ങളും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. മത്സരവേദികൾ യുദ്ധഭൂമിയല്ലെന്നും കളിക്കാർ പടയാളികളല്ലെന്നും അത് ഓർമിപ്പിക്കുന്നു. കളത്തിൽ മുഴങ്ങേണ്ടത് വിദ്വേഷത്തിന്റെ അട്ടഹാസമല്ല, ഒരുമയുടെ സംഗീതമാണെന്നും കായികമര്യാദയില്ലാത്ത ഒരു മത്സരത്തെയും കളിയായി കാണാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
മുതിർന്ന മാധ്യമപ്രവർത്തകരായ എൻ പി ചെക്കുട്ടി, എ സജീവൻ, അശോക് ശ്രീനിവാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1997 മുതൽ ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന രഞ്ജിത്ത് നിലവിൽ കോഴിക്കോട്ടെ സ്പോർട്സ് ഡെസ്കിൽ ന്യൂസ് എഡിറ്ററാണ്. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ സ്വദേശിയാണ്. കോഴിക്കോട് സൈബർ പാർക്കിനടുത്ത് കെ ടി താഴം ഏദനിലാണ് താമസം. പരേതനായ പി എൻ രാഘവന്റെയും എൻ ജി സുധയുടെയും മകനാണ്. ഭാര്യ: രജി ആർ നായർ (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി). മകൻ: ഋതുനന്ദൻ.
സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം രണ്ടുതവണ നേടി. 2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്തു.








0 comments