Deshabhimani

മൂന്നല്ല, കൂടുതൽ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി എൻവിഡിയ ബോര്‍ഡിന് മുന്നിൽ ജെൻസൻ ഹുവാങ്

vnd
വെബ് ഡെസ്ക്

Published on Nov 24, 2026, 12:36 PM | 2 min read

സാന്റാ ക്ലാര:ചൈനീസ് ചാരയെന്ന് ആരോപിക്കപ്പെട്ട യുവതിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പദവിയിൽ തിരിച്ചെത്തി. ഇതിന് തൊട്ട് മുൻപായി നടത്തിയ കമ്പനിയുടെ ബോര്‍ഡ് യോഗത്തിൽ കൂടുതൽ ബന്ധങ്ങള്‍ ഏറ്റുപറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോട് ചെയ്ത മൂന്ന് ബന്ധങ്ങള്‍ മാത്രമല്ല കൂടുതൽ എണ്ണം ഉണ്ടായിരുന്നു എന്നാണ് 63 കാരനായ ജെൻസൻ തുറന്നു പറഞ്ഞത്.


മണിക്കൂറുകള്‍ നീണ്ട യോഗത്തിൽ തന്റെ മുഴുവൻ ബന്ധങ്ങളും ഓരോന്നായി തുറന്നു പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റാണ് റിപ്പോ‍ർട് ചെയ്തത്. സംശത്തിന് ഇടയാക്കുന്ന ഒന്നും മറച്ചുവെക്കരുത് എന്ന് ബോര്‍ഡ് ആവശ്യപ്പെടുകയും കമ്പനിയ്ക്ക് മുന്നിൽ ഒന്നും മറയ്ക്കാൻ ഇല്ലെന്ന് ജെൻസൻ ഹുവാങ് സമ്മതിക്കയും ചെയ്തതായാണ് റിപ്പോർട്.


ഇതിന് ശേഷം പദവി ഏറ്റെടുത്ത് തിങ്കളാഴ്ച കാലിഫോർണിയയിലെ സാന്റാ ക്ലാരയിലുള്ള എൻവിഡിയ ആസ്ഥാനത്ത് തിരിച്ചെത്തിയ ഹുവാങ്ങിന് ജീവനക്കാർ വൻ വരവേൽപ്പാണ് നൽകിയത്. സഹപ്രവർത്തകർ ഹർഷാരവങ്ങളോടെയും അദ്ദേഹത്തിന്റെ പേര് ആർത്തുവിളിച്ചുമാണ് സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


കമ്പനി വിട്ടതിനുശേഷമുള്ള തന്റെ ആദ്യ പരസ്യപ്രതികരണത്തിൽ, വ്യക്തിജീവിതത്തിൽ തനിക്ക് "ഗുരുതരമായ പിഴവുകൾ" സംഭവിച്ചതായി ഹുവാങ് കുറ്റസമ്മതം നടത്തിയിരുന്നു. ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും താല്പര്യ പ്രകാരം ബോർഡ് ആവശ്യപ്പെടുകയാണെങ്കിൽ തിരിച്ചുവരാൻ തയ്യാറാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ സന്നദ്ധത മുന്നോട്ട് വെച്ചു. എന്നാൽ ബോര്‍ഡ് ഈ ഘട്ടത്തിൽ പ്രതികൂല നിലപാടാണ് എടുത്തത്.


വിവാദങ്ങളുടെ നാള്‍വഴി


ചൈനീസ് ചാരവനിത എന്നു സംശയിക്കുന്ന യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ഈ മാസം ആദ്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെയാണ് കമ്പനിയിൽ വിവാദം ഉടലെടുത്തു. ചൈനീസ് ബന്ധവും ചാര പ്രവര്‍ത്തന ആരോപണവും ചേര്‍ന്നതോടെ ലോകം വിവാദത്തിന്റെ ഭാഗമായി.


എൻവിഡിയയുടെ പങ്കാളിയായ സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് (Megaspeed) എന്ന സ്ഥാപനത്തിലെ മുൻ എക്സിക്യൂട്ടീവും ചൈനീസ് വ്യവസായിയുമായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധം ഉയർത്തിയാണ് ആദ്യം ആരോപണം ഉയ‍ർന്നത്. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് യുഎസ് അധികൃതർ വാദിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു.


യു എസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് കൈമാറിയെന്ന ആരോപണത്തിൽ കമ്പനി നിലവിൽ അമേരിക്കൻ അന്വേഷണം നേരിടുകയാണ്.


ആഘോഷമാക്കി ട്രംപ്


ഹുവാങ്ങിനെ പുറത്താക്കിയ സമയത്ത്, എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ, കമ്പനിയിലെ പേര് വെളിപ്പെടുത്താത്ത മറ്റൊരു ജീവനക്കാരിയുമായും ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നതായി വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സും' റിപ്പോർട്ട് ചെയ്തു.

nvda


തിങ്കളാഴ്ച ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെടുത്തതായുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തുറന്നപ്പോൾ എൻവിഡിയയുടെ ഓഹരികൾ 33 ശതമാനം കുതിച്ചുയർന്ന് 165.57 ഡോളറിലെത്തി. ഇപ്പോഴും, കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 239.24 ഡോളർ എന്ന സർവ്വകാല റെക്കോർഡിനേക്കാൾ താഴെയാണ് നിലവിൽ ഓഹരി മൂല്യം.


സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഉടനെ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ ജെൻസനെ തള്ളിപ്പറഞ്ഞു. രാജി വെക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ചു. പിന്നീട് നിലപാട് മാറ്റി. ഒടുവിൽ കമ്പനിയിൽ തിരിച്ചെടുത്തപ്പോള്‍ തന്റെ തന്നെ ചിത്രം ഹുവാങ്ങിന് ഒപ്പം മോ‍‍ർഫ് ചെയ്ത് ഒറ്റ ഇമേജാക്കി പരസ്യപ്പെടുത്തി ആഹ്ലാദം പ്രകടിപ്പിച്ചു. പെൻസിൽവാനിയയിൽ തനിക്ക് എതിരെ ഉണ്ടായ വധശ്രമത്തിനിടെ മുഖത്ത് രക്തം പുരണ്ട നിലയിലുള്ള ചിത്രമാണ് ആഹ്ലാദ പ്രകടനത്തിന് ഉപയോഗിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home