Deshabhimani

സംയുക്ത കിസാൻമോർച്ച പ്രക്ഷോഭം 26ന്‌

kisan morcha march
വെബ് ഡെസ്ക്

Published on Nov 24, 2026, 12:45 PM | 2 min read

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്തും. സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, യുഎസുമായുള്ള വ്യാപാര കരാർ നീക്കത്തിൽനിന്ന്‌ പിന്തിരിയുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. മൂന്ന്‌ കാർഷിക നിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷകസമരത്തിന്റെ ആറാം വാർഷികം മുൻനിർത്തിയാണ്‌ പ്രക്ഷോഭം. കിസാൻമോർച്ചയുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം കലക്ടർമാർ വഴി രാഷ്ട്രപതിക്ക്‌ കൈമാറും.


2021 ഡിസംബർ ഒമ്പതിന്‌ കർഷകസമരം ഒത്തുതീർപ്പാക്കി കേന്ദ്രസർക്കാർ കിസാൻമോർച്ചയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ്‌ നിവേദനത്തിൽ പ്രധാനമായും ഉന്നയിക്കുന്നതെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ജോയിന്റ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷിക വായ്‌പകളുടെ സമഗ്രമായ എഴുതിത്തള്ളൽ, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന്‌ 25 ലക്ഷം രൂപ നഷ്ടപരിഹാരം, പൊതുമേഖലയിൽ വിള–കന്നുകാലി ഇൻഷുറൻസ്‌ കോർപറേഷന്‌ രൂപം നൽകുക, പ്രധാനമന്ത്രിയുടെ പേരിലുള്ള വിള ഇൻഷുറൻസ്‌ പദ്ധതി റദ്ദാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്‌.


വൈദ്യുതി സ്വകാര്യവൽക്കരണ ബില്ലും വിത്തുബില്ലും പിൻവലിക്കണം, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണം, പ്രീപെയ്‌ഡ്‌ സ്‌മാർട്ട്‌ മീറ്ററുകൾ നിർബന്ധിതമായി സ്ഥാപിക്കുന്നത്‌ അവസാനിപ്പിക്കണം, നിർബന്ധപ‍ൂർവം ഭൂമി ഏറ്റെടുക്കൽ പാടില്ല, ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന എൽഎആർആർ നിയമപ്രകാരം അവകാശങ്ങൾ സംരക്ഷിക്കുക, വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുക, നാല്‌ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, 42000 രൂപ മിനിമം കൂലി, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക, 700 രൂപ വേതനത്തിൽ 200 ദിവസം തൊഴിൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും 21000 രൂപ പെൻഷൻ, സാർവത്രികമായ സാമൂഹികസുരക്ഷ എന്നീ ആവശ്യങ്ങളും പ്രക്ഷോഭത്തിൽ ഉയർത്തുമെന്ന്‌ നേതാക്കൾ പറഞ്ഞു.


പ്രക്ഷോഭം 
100 കേന്ദ്രങ്ങളിൽ


സംയുക്ത കിസാൻമോർച്ച പ്രക്ഷോഭം ഡൽഹിയടക്കം നൂറ്‌ കേന്ദ്രങ്ങളിൽ. ഡൽഹിയിൽ മന്ദിർമാർഗിൽനിന്ന്‌ ജന്തർമന്തറിലേക്ക്‌ കർഷകർ മാർച്ച്‌ നടത്തും. തിക്രി, ബഹാദൂർഗഡ് അതിർത്തികളിലും പ്രതിഷേധിക്കും. കേരളത്തിൽ 14 ജില്ലകളിലും പ്രക്ഷോഭമുണ്ടാകും.

പഞ്ചാബിൽ നാല്‌ കേന്ദ്രത്തിലാണ്‌ സമരം. യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്‌, ബംഗാൾ, ത്രിപുര, തമിഴ്‌നാട്‌, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കർഷകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രേഡ്‌യൂണിയൻ സംഘടനകളും കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും മഹിളാ– യുവജന സംഘടനകളും പങ്കെടുക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home