റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

റാസൽഖൈമ: റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ റോഡിലാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപകടവിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തകരും അടിയന്തര സേവനവിഭാഗങ്ങളും സ്ഥലത്തെത്തി. ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട അധികൃതർ എന്നിവരുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനവും അടിയന്തര നടപടികളും ആരംഭിച്ചു. അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിച്ചു.
അപകടത്തിന്റെ സാഹചര്യവും കാരണവും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
ഫുജൈറയിൽ കഴിഞ്ഞ നവംബർ 12ന് ഉണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റാസൽഖൈമയിലും വൻ ദുരന്തമുണ്ടായത്. ഫുജൈറ അപകടത്തിൽ മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരായിരുന്നു.








0 comments