Deshabhimani

ചിലർക്ക് വണ്ടിയേക്കാൾ പ്രിയം നമ്പറിനോട്; ഫാൻസി നമ്പർ സ്വന്തമാക്കണോ? വഴിയുണ്ട്

fancy number car
വെബ് ഡെസ്ക്

Published on Nov 24, 2026, 12:48 PM | 2 min read

പുതിയൊരു വാഹനം വാങ്ങുമ്പോൾ ചിലർ ആദ്യം നോക്കുന്നത് നിറമാണ്, ചിലർ മോഡലും വിലയും. എന്നാൽ മറ്റുചിലർക്കാകട്ടെ ഇതൊന്നുമല്ല, വണ്ടിയുടെ നമ്പറാണ് പ്രധാനം. ഇഷ്ടപ്പെട്ട നമ്പർ കിട്ടാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറുള്ളവരുമുണ്ട്. 0001, 0007, 1111, 1010, 2020, 5555, 7777, 9999 എന്നിങ്ങനെ ചില നമ്പറുകളോട് പ്രത്യേക ഇഷ്ടമുള്ളവരുമുണ്ട്. ജന്മദിനമോ വിവാഹവാർഷികമോ ഭാഗ്യസംഖ്യയോ ഒക്കെ തെരഞ്ഞെടുക്കുന്നവരും ഒരുപാടാണ്. ചിലർക്കിത് അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. എന്നാൽ പണം മാത്രം കൈയിലുണ്ടായാൽ ഇഷ്ടനമ്പർ സ്വന്തമാക്കാനാകുമോ? അതിനും ചില നടപടിക്രമങ്ങളുണ്ട്.


വാഹനങ്ങൾക്ക് ഇഷ്ടപ്പെട്ട രജിസ്ട്രേഷൻ നമ്പർ തിരഞ്ഞെടുക്കാൻ മോട്ടോർ വാഹനവകുപ്പ് അവസരം നൽകുന്നുണ്ട്. ഫാൻസി നമ്പർ, ചോയ്സ് നമ്പർ എന്നിങ്ങനെ അറിയപ്പെടുന്ന ഈ നമ്പറുകൾ ഓൺലൈനായാണ് ബുക്ക് ചെയ്യേണ്ടത്. ഓരോ നമ്പറിനും നിശ്ചിത തുക നൽകണം. ഒരേ നമ്പർ ഒന്നിലധികം പേർ ആവശ്യപ്പെട്ടാൽ ലേലത്തിലൂടെയാണ് വിജയിയെ കണ്ടെത്തുക.


ഇഷ്ടനമ്പർ വേണമെന്നുള്ളവർ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഫാൻസി നമ്പർ പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ അക്കൗണ്ട് ആരംഭിച്ച് സംസ്ഥാനം, ആർടിഒ, വാഹനവിഭാഗം എന്നിവ തിരഞ്ഞെടുക്കാം. തുടർന്ന് ലഭ്യമായ നമ്പറുകളുടെ പട്ടിക പരിശോധിച്ച് ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുക്കാം. അപേക്ഷകന്റെ വിവരങ്ങൾ നൽകി നിശ്ചിത തുക അടയ്ക്കണം.


ഒരു നമ്പറിന് ഒരാൾ മാത്രമാണ് അപേക്ഷിക്കുന്നതെങ്കിൽ നിബന്ധനകൾക്കനുസരിച്ച് നമ്പർ അനുവദിക്കും. എന്നാൽ ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ കാര്യങ്ങൾ ലേലത്തിലേക്ക് നീങ്ങും. ഓൺലൈൻ ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾക്കാണ് നമ്പർ ലഭിക്കുക. ലേലത്തിൽ വിജയിച്ചാൽ ബാക്കി തുക നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കണം. നമ്പർ അനുവദിച്ചുകിട്ടിയശേഷം അതിന്റെ രേഖകൾ ഉപയോഗിച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാം.


ഇഷ്ടനമ്പറിനുള്ള ആവേശം കേരളത്തിലും ചെറുതല്ല. 2021 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള അഞ്ച് വർഷത്തിനിടെ എറണാകുളം ആർടിഒയ്ക്ക് മാത്രം ഫാൻസി നമ്പറുകളിലൂടെ ലഭിച്ചത് 33.15 കോടി രൂപയാണ്. 0001, 7777 തുടങ്ങിയ നമ്പറുകൾക്കാണ് ആവശ്യക്കാരേറെ. അതേസമയം ആയിരക്കണക്കിന് രൂപ മാത്രം ചെലവാക്കി ഇഷ്ടനമ്പർ തിരഞ്ഞെടുക്കുന്നവരുമുണ്ട്.


എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഫാൻസി നമ്പർ ലഭിച്ചതുകൊണ്ട് ആ നമ്പറിനുമേൽ വാഹനത്തിൽനിന്ന് വേർപെട്ട സ്ഥിരമായ ഉടമസ്ഥാവകാശം ലഭിക്കുന്നില്ല. കേരളത്തിലെ ചട്ടപ്രകാരം വാഹനത്തിന് ഒരിക്കൽ അനുവദിച്ച രജിസ്ട്രേഷൻ നമ്പർ മറ്റൊരു വാഹനത്തിലേക്ക് സ്വമേധയാ മാറ്റാനാകില്ല. വാഹനം വിൽക്കുമ്പോൾ നമ്പർ സ്വന്തം പേരിൽ നിലനിർത്താമെന്നും പുതിയ വാഹനത്തിൽ അതേ നമ്പർ ഉപയോഗിക്കാമെന്നും കരുതരുത്.


കേരളത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയ ഫാൻസി നമ്പർ ‘KL 07 DG 0007’ ആണ്. 2025 ഏപ്രിലിൽ കൊച്ചിയിൽ നടന്ന ലേലത്തിൽ 45.99 ലക്ഷം രൂപയ്ക്കാണ് ഈ നമ്പർ സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസ് കാറിനുവേണ്ടിയായിരുന്നു ഈ റെക്കോർഡ് ലേലം.


നമ്പറിനോട് എത്ര ഇഷ്ടമുണ്ടെങ്കിലും ബുക്കിങ്ങിന് മുമ്പ് നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കണം. ഇഷ്ടനമ്പർ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. പക്ഷേ അതു ലഭിക്കുമോ, എത്ര തുക ചെലവാകും, അനുവദിച്ച നമ്പർ എങ്ങനെ ഉപയോഗിക്കാം എന്നതെല്ലാം മോട്ടോർ വാഹനവകുപ്പിന്റെ ചട്ടങ്ങളനുസരിച്ചായിരിക്കും.


ഫാൻസി നമ്പർ ബുക്ക് ചെയ്യാൻ: https://fancy.parivahan.gov.in/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home