Deshabhimani

ആർബിഐയുടെ'സുരക്ഷാക്കോട്ട'; സാധാരണ ഉപയോക്താക്കൾക്ക് വെല്ലുവിളിയാകുമോ?

bank
വെബ് ഡെസ്ക്

Published on Nov 24, 2026, 01:18 PM | 2 min read

തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാടുകളിലെ തട്ടിപ്പുകൾ തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന പുതിയ കരട് നിർദേശങ്ങൾ സാധാരണക്കാർക്ക് ഇത് വെല്ലുവിളിയാകുമോ? എന്ന ചോദ്യം ശക്തമാണ്. അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്റ്റോപ്പ് സ്വിച്ച്', വിശ്വസ്തരുടെ അനുമതി തേടൽ തുടങ്ങിയ പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, നിത്യേനയുള്ള പണമിടപാടുകൾക്ക് ഇത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്ന കാലത്ത് അക്കൗണ്ട് സംരക്ഷിക്കാൻ ഇത്തരം കർശന മാർ​ഗങ്ങൾ ആവശ്യമാണ് എന്നതിൽ തർക്കമില്ല. അക്കൗണ്ടിലെ എല്ലാ ഇടപാടുകളും ഒറ്റയടിക്ക് മരവിപ്പിക്കാൻ സഹായിക്കുന്ന 'സ്റ്റോപ്പ് സ്വിച്ച്' പോലുള്ള സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമാണ്.


എങ്കിലും, സാങ്കേതികവിദ്യയുമായി പൂർണമായി ഇണങ്ങിയിട്ടില്ലാത്ത സാധാരണക്കാരായ സാധാരണ ഉപഭോക്താക്കൾക്ക് ഈ പുതിയ നടപടിക്രമങ്ങൾ വലിയ ഭാരമായി മാറിയേക്കാം. ഓരോ ഇടപാടിനും പരിധി നിശ്ചയിക്കുക, വലിയ തുകകൾക്ക് മറ്റൊരാളുടെ അനുമതി തേടുക, കാർഡുകളുടെയും മൊബൈൽ ബാങ്കിംഗിന്റെയും ക്രമീകരണങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുക തുടങ്ങിയവ സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.


ചെറിയൊരു പണമിടപാടിന് പോലും കൂടുതൽ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നത് സമയം നഷ്ടപ്പെടുത്തും. വലിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് വിശ്വസ്തനായ മറ്റൊരു വ്യക്തിയുടെ അനുമതി വേണമെന്ന വ്യവസ്ഥ എല്ലാവർക്കും പ്രായോഗികമാകണമെന്നില്ല. അടിയന്തര ഘട്ടങ്ങളിൽ പണം അയക്കേണ്ടി വരുമ്പോൾ ഈ അനുമതി വൈകുന്നത് വലിയ തടസ്സങ്ങൾ സൃഷ്ടിക്കാം.


പെട്ടെന്ന് പണം കൈമാറുന്ന സാഹചര്യങ്ങൾ വരുമ്പോൾ ഇത്തരം സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും പേയ്മെന്റ് പ്രക്രിയയെ മന്ദഗതിയിലാക്കാം. യുപിഐ പോലുള്ള സംവിധാനങ്ങളുടെ എളുപ്പവും വേഗതയും നഷ്ടപ്പെടാൻ ഇത് കാരണമായേക്കാം. പുതിയ അക്കൗണ്ടുകളിൽ ഡിജിറ്റൽ ചാനലുകൾ ഡീഫോൾട്ടായി ഓഫായിരിക്കുമെന്നതിനാൽ, ബാങ്കിൽ പോയോ ആപ്പ് വഴിയോ ഇവ സ്വയം ആക്ടിവേറ്റ് ചെയ്യാൻ അറിയാത്ത പ്രായമായവരും നിരക്ഷരരുമായ ആളുകൾക്ക് ഇത് വലിയൊരു തലവേദനയായി മാറും.


സുരക്ഷ പ്രധാനമാണെങ്കിലും, സാങ്കേതികമായി പിന്നിൽ നിൽക്കുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധം കൂടുതൽ ലളിതമായ സംവിധാനങ്ങളാണ് ബാങ്കുകൾ നടപ്പിലാക്കേണ്ടത്. ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ലളിതവും വേഗത്തിലുമായിരിക്കണം സാധാരണക്കാർക്ക് ആവശ്യം. എന്നാൽ സുരക്ഷയുടെ പേരിൽ നിയന്ത്രണങ്ങൾ ഇത്രയധികം കടുപ്പിക്കുന്നത് സാധാരണക്കാരുടെ ദൈനംദിന ഇടപാടുകളെ പ്രതികൂലമായി ബാധിച്ചേക്കാം. സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്ന രീതിയിൽ കൂടുതൽ ലളിതമായ സംവിധാനങ്ങളാണ് ബാങ്കുകൾ ഒരുക്കേണ്ടത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home