Deshabhimani

വിശ്രമിക്കണം, പ്രത്യേക ജാഗ്രത പുലർത്തണം; തീർഥാടകർക്ക് ആരോഗ്യത്തിൽ ശ്രദ്ധ വേണമെന്ന് നിർദേശം

sabarimala
വെബ് ഡെസ്ക്

Published on Nov 24, 2026, 02:50 PM | 1 min read

ശബരിമല: ശബരിമലയിലെത്തുന്ന തീർഥാടകർ ആരോഗ്യം സൂക്ഷിക്കണമെന്ന്‌ നിർദേശവുമായി ആരോഗ്യവകുപ്പ്‌. നട തുറന്ന്‌ ഒരാഴ്‌ചയ്‌ക്കിടെ അഞ്ചുപേർ ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചു. മരിച്ചതിൽ ഒരാൾ വനിതയാണ്‌. ഹൃദയാഘാതമുണ്ടായ 11 പേരുടെ ജീവൻ രക്ഷിച്ചു. 13,029 പേർ ചികിത്സതേടി. 13 അപസ്‌മാര ബാധിതരുടെ ജീവൻ രക്ഷിച്ചു. നവംബർ 21 ഉച്ചവരെയുള്ള കണക്കാണിത്.


പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലായി യഥാക്രമം 2242, 389, 873, 4953, 1126, 1550 പേർ ചികിത്സ തേടി. എമർജൻസി മെഡിക്കൽ സെന്ററുകളിൽ 4360 കേസുകൾ കൈകാര്യം ചെയ്തു. വിദഗ്ധ ചികിത്സ ആവശ്യമായ 116 പേരെ വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കണം. ഇടയ്ക്കിടെ വിശ്രമിക്കണം.


അമിതമായ ശാരീരിക അധ്വാനം ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. പ്രായമായവരും ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം. നെഞ്ചുവേദന, ശ്വാസതടസം, അമിതമായ ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മലകയറ്റം ഉടൻ നിർത്തി സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. അടിയന്തര വൈദ്യസഹായത്തിന് 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ് ലൈൻ നമ്പറായ 04735 203232ലും ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home