വീണ്ടും സ്പോൺസേർഡ് വിമാനയാത്രയുമായി മുഖ്യമന്ത്രി; പറന്നത് പുട്ടപർത്തിയിലേക്ക്

പുട്ടപർത്തിയിയിൽ സായിബാബയുടെ നൂറാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: വീണ്ടും സ്പോൺസർമുഖേന ആഡംബര വിമാനയാത്ര നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലേക്കാണ് ഇത്തവണ സതീശൻ പറന്നത്. സത്യസായിബാബ ട്രസ്റ്റാണ് വിമാനയാത്രയുടെ സ്പോൺസർ എന്നാണ് വിവരം. പുട്ടപർത്തിയിലേക്ക് മുഖ്യമന്ത്രി പോയതും തിരികെ വന്നതും ഈ സ്പോൺസേർഡ് വിമാനത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലല്ലാതെ സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന സൗജന്യവും ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഒന്നിന് പുറകേ ഒന്നായി സ്‌പോണ്‍സര്‍ യാത്രകള്‍ നടത്തുന്നത്.
സായിബാബയുടെ നൂറാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പുട്ടപർത്തിയിലേക്ക് പോയത്. ദുബായിയിലെ ഷിപ്പിങ് കമ്പനിയുടെ ആഡംബര വിമാനത്തിലായിരുന്നു യാത്ര. എട്ട് ലക്ഷം രൂപയാണ് ഒരു മണിക്കൂർ യാത്രയ്ക്ക് ഈ വിമാനത്തിന്റെ ചെലവ്. സതീശന്റെ യാത്രയ്ക്ക് 40 ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. വിമാനം ബുക്ക് ചെയ്തത് ഒരു ഇടനിലക്കാരനാണെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി നേരത്തെ നടത്തിയ ചാർട്ടേർഡ് വിമാനയാത്രകളുടെ സ്പോൺസർ ആരെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് മംഗളൂരുവിലേക്കും പിന്നീട് മലപ്പുറത്തേക്കും ചാർട്ടേർഡ് വിമാനത്തിലാണ് യാത്ര ചെയ്തത്. ഈ യാത്രകളുടെ സ്പോൺസർ ആരെന്നത് ഇതുവരെയും പുറത്തുപറഞ്ഞിട്ടില്ല. ഭാര്യാപിതാവിനെ കാണാൻ കൊച്ചിയിലേക്ക് ഹെലികോപ്ടറിൽ പറന്നപ്പോൾ ഒരു നിക്ഷേപകനെ കാണാനാണ് യാത്ര എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ആരാണ് ആ നിക്ഷേപകനെന്ന് വെളിപ്പെടുത്തിയിട്ടില്ല.








0 comments