പാലക്കാട് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയിൽ നിന്നും വെടിയേറ്റു

പ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയിൽ നിന്നും വെടിയേറ്റു. പാലക്കാട് പരുതൂർ ഹയർ സെക്കന്ററി സ്കൂളിലാണ് ദാരുണ സംഭവം. തോളിന് പരിക്കേറ്റ വിദ്യാർഥിയെ മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഈ സമയം നിരവധി കുട്ടികളും ക്ലാസ് മുറിയിലുണ്ടായിരുന്നു. മൂന്നുതവണ വെടിയുതിർത്തതായാണ് വിവരം. തലനാരിഴയ്ക്കാണ് മറ്റ് കുട്ടികൾ രക്ഷപ്പെട്ടത്.
വിദ്യാർഥി കൊണ്ടുവന്നത് നാടൻ തോക്കാണെന്നാണ് പ്രാഥമിക വിവരം. റിവോൾവർ ആണ്. അതേസമയം, എന്തിനാണ് സഹപാഠിക്ക് നേരെ വെടിയുതിർത്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തൃത്താല പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന കാര്യങ്ങൾ ഉൾപ്പടെ അന്വേഷിക്കും. പൊലീസെത്തിയതിനു പിന്നാലെ സ്കൂൾ അടച്ചു. രാവിലെ നടന്ന സംഭവം ആദ്യം മൂടിവെയ്ക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചത്. എന്നാൽ കുട്ടികളിൽ നിന്നും തന്നെ വിവരം പുറത്തുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.







0 comments