സുവർണരാജി

jyothi yarraaji

വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി ഗെയിംസ് റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: പി ദിലീപ്കുമാർ

avatar
പ്രദീപ്‌ ഗോപാൽ

Published on Feb 10, 2025, 12:00 AM | 2 min read

ഡെറാഡൂൺ: മഹാറാണ പ്രതാപ്‌ സ്‌പോർട്‌സ്‌ കോംപ്ലക്‌സിലെ ഗംഗ അത്‌ലറ്റിക്‌സ്‌ സ്‌റ്റേഡിയത്തിൽ ട്രാക്കിന്‌ അതിവേഗം. ദേശീയ റെക്കോഡുകാരി ജ്യോതി യാരാജി 100 മീറ്റർ ഹർഡിൽസിൽ ഒരിക്കൽക്കൂടി മിന്നി. 400ൽ മഹാരാഷ്‌ട്രയുടെ ഐശ്വര്യ മിശ്ര അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. 110 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡുകാരൻ തേജസ്‌ അശോക്‌ ഷിർസെയുടേതാണ്‌ മറ്റൊരു ഉശിരൻ ഓട്ടം. പുരുഷന്മാരുടെ 4x100 റിലേയിൽ ഒഡിഷയും റെക്കോഡിട്ടു.


വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ യാരാജിക്ക്‌ വെല്ലുവിളി ഉണ്ടായില്ല. ഹീറ്റ്‌സിൽ 13.20 സെക്കൻഡിൽ പൂർത്തിയാക്കി ഗെയിംസിൽ സ്വന്തം റെക്കോഡ്‌ തിരുത്തിയ ആന്ധ്രപ്രദേശുകാരി ഫൈനലിൽ വീണ്ടും കുതിച്ചു. ഇക്കുറി 13.10 സെക്കൻഡ്‌. ഇതോടെ ഈ വർഷത്തെ ഏഷ്യൻ മീറ്റിനും യോഗ്യത കിട്ടി. നിലവിലെ ഏഷ്യൻ ചാമ്പ്യൻകൂടിയാണ്‌. ദേശീയ റെക്കോഡും ഇരുപത്തഞ്ചുകാരിയുടെ പേരിലാണ്‌–- 2023ൽ കുറിച്ച 12.78 സെക്കൻഡ്‌. 13 സെക്കൻഡിൽ താഴെ സമയം കുറിച്ച ആദ്യ ഇന്ത്യൻ താരംകൂടിയാണ്‌. കഴിഞ്ഞ രണ്ടുതവണയും ‌യാരാജിക്കാണ്‌ ഗെയിംസ്‌ സ്വർണം. 13.36 സെക്കൻഡിൽ ബംഗാളിന്റെ മൗമിത മൊണ്ടൽ രണ്ടാമതായി. മത്സരം പൂർത്തിയാക്കി ലോങ്‌ ജമ്പിൽ ചാടിയ ബംഗാളുകാരിക്ക്‌ പിറ്റിൽ സ്വർണവും കിട്ടി. ഹർഡിൽസിൽ തമിഴ്‌നാടിന്റെ നിത്യ രാംരാജ്‌ മൂന്നാമതായി.


വനിതകളുടെ 400ൽ 51.12 സെക്കൻഡിലായിരുന്നു ഐശ്വര്യയുടെ കുതിപ്പ്‌. 52.50 സെക്കൻഡ്‌ എന്ന സ്വന്തം സമയം തിരുത്തി. വനിതാ 400ൽ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ സമയം. 50.79 സെക്കൻഡിൽ ഹിമാദാസിന്റെ പേരിലാണ്‌ ദേശീയ റെക്കോഡ്‌. നിലവിലെ ചാമ്പ്യൻ വിത്യ രാംരാജ്‌ രണ്ടാമതായി. 110 മീറ്റർ ഹർഡിൽസിൽ മഹാരാഷ്‌ട്രയുടെ ഷിർസെ 13.65 സെക്കൻഡിൽ ഗെയിംസ്‌ റെക്കോഡിട്ടു. റിലേയിൽ 39.47 സെക്കൻഡിലായിരുന്നു ഒഡിഷയുടെ റെക്കോഡ്‌.


ഓൾറൗണ്ടർ തൗഫീഖ്


തുടർച്ചയായ രണ്ടാംദിനവും പൊന്നിന്റെ തരിമ്പുമില്ലെന്ന നിരാശയിൽ നിൽക്കുമ്പോഴാണ്‌ ഡെക്കാത്‌ലണിൽ എൻ തൗഫീഖിന്റെ അവസാന ഇനം എത്തുന്നത്‌–- 1500 മീറ്റർ. മൂന്നാമതെത്തിയതോടെ തൗഫീഖ്‌ ആകെ പോയിന്റിൽ ഏറെ മുന്നിലെത്തി. ഒന്നാമതെത്താൻ രാജസ്ഥാന്റെ യമൻദീപ്‌ ശർമയുമായിട്ടായിരുന്നു പോരാട്ടം.


അത്‌ലറ്റിക്‌സിലെ ഓൾറൗണ്ട്‌ പ്രകടനമാണ്‌ ഡെക്കാത്‌ലൺ. 100 മീറ്റർ, ലോങ്‌ജമ്പ്‌, ഷോട്ട്‌പുട്ട്‌, ഹൈജമ്പ്‌, 400 മീറ്റർ, 110 മീറ്റർ ഹർഡിൽസ്‌, ഡിസ്‌കസ്‌ ത്രോ, പോൾവോൾട്ട്‌, ജാവലിൻ ത്രോ, 1500 മീ. എന്നിവ ഉൾപ്പെടുന്നു.


ആലപ്പുഴ നേതാജിയാണ്‌ തൗഫീഖിന്റെ സ്വദേശം. എസ്‌ നൗഷാദും നുസൈബയുമാണ്‌ മാതാപിതാക്കൾ. തിരുവനന്തപുരം എൽഎൻസിപിഇയിൽ ഭൂപാലിനുകീഴിലാണ്‌ പരിശീലനം. ഗോവൻ ഗെയിംസിൽ വെങ്കലമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home