ad
Deshabhimani

മത്സരിക്കുന്നത്‌ 400 മീറ്ററിലും റിലേയിലും

print edition മരണം തോറ്റു 
ജോവിയ ജയിച്ചു ; വെന്റിലേറ്ററിൽനിന്ന്‌ ട്രാക്കിലേക്ക്‌

jovia george State School Sports Meet
avatar
പ്രദീപ്‌ ഗോപാൽ

Published on Oct 23, 2025, 04:29 AM | 1 min read


തിരുവനന്തപുരം

തിരിച്ചുവരവുകളാണ്‌ സ്‌പോർട്‌സിന്റെ സ‍ൗന്ദര്യം. ആ സ‍ൗന്ദര്യമാണ്‌ ജോവിയ ജോർജ്‌. മരണത്തെ തോൽപ്പിച്ചാണ്‌ പതിനാലുകാരി സ്‌കൂൾ ഒളിമ്പിക്‌സിന്റെ വേദിയിലെത്തുന്നത്‌. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകുന്പോൾ ട്രാക്കിൽ ഉയരുന്നത്‌ പൊരുതിക്കയറിയ പെൺകുട്ടിയുടെ അതിജീവനകഥ. എറണാകുളം കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിലാണ്‌ മത്സരിക്കുന്നത്‌. 4–400 മീറ്റർ റിലേയുമുണ്ട്‌.


ഇതുപോലൊരു ഒക്‌ടോബറിലാണ്‌ ജോവിയ തളർന്നുപോയത്‌. കഴിഞ്ഞ വർഷത്തെ ജില്ലാ കായികമേളയുടെ തലേദിനമായിരുന്നു സംഭവം. ഓടിക്കളിക്കുന്നതിനിടെ മതിലിൽ തട്ടി കൈയിൽ മുറിവേറ്റു. ആ മുറിവിൽ അണുബാധയുണ്ടായി. കൈയിൽ നീരുവച്ചു. പിന്നാലെ കഠിനമായ പനി. അതിനിടയിലും ഓടാനിറങ്ങി. ഇടയ്‌ക്ക്‌ തളർന്നുവീണു. പിന്നെ പിടിച്ചുനിൽക്കാനായില്ല. ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയിലും അണുബാധ പടർന്നുകയറി. രണ്ട്‌ ആശുപത്രികളിലായി പതിനഞ്ച്‌ ദിവസം. അതിൽ അഞ്ച്‌ ദിവസം വെന്റിലേറ്ററിൽ. ‘കൊച്ച്‌ പോയെന്നാ പറയുന്നേ’ എന്ന്‌ നിലവിളി ഉയർന്നു. ജോവിയയുടെ മനസ്സ്‌ അപ്പോൾ ഒറ്റലാപ്പിന്റെ ഫിനിഷിങ്‌ പോയിന്റിലായിരുന്നു. ഒന്നാമതെത്താൻ അവൾ കുതിച്ചു. വേഗവര കടന്നു. അമ്മമ്മ ഓമനയുടെ കരുതലിൽ ജീവിതം തിരിച്ചുപിടിച്ചു.

വിശ്രമകാലത്തിനുശേഷം ട്രാക്കിലേക്ക്‌ തിരിച്ചെത്തിയപ്പോൾ പുതിയ ആകാശം വരവേൽക്കാനുണ്ടായിരുന്നു. എറണാകുളം ജില്ലാ കായികമേളയിൽ 400 മീറ്ററിൽ ഇറങ്ങി. പൊന്നണിഞ്ഞു.


തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറുന്പോൾ മനസ്സ്‌ നിറയെ സ്വപ്‌നങ്ങളായിരുന്നു. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനായി ഇറങ്ങിയപ്പോൾ അത്ഭുത ലോകം തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു മുഖത്ത്‌. ജോവിയ എന്ന പേരിനർഥം സന്തോഷമെന്നാണ്‌.


കോലഞ്ചേരി പഴന്തോട്ടമാണ്‌ സ്വദേശം. ടി പി ജോർജിന്റെയും ദിവ്യയുടെയും മകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home