ad
Deshabhimani

ഹാങ്ഷൗ ഷൂട്ടിം​ഗ് ലോകകപ്പിൽ ഇന്ത്യക്ക് ഇരട്ട മെഡൽ; ഇഷ സിംഗും മനു ഭാക്കറും തിളങ്ങി

Shooting World Cup

ഇഷ സിംഗും മനു ഭാക്കറും | Image Credit : ISSF / Facebook

വെബ് ഡെസ്ക്

Published on Jul 28, 2026, 12:41 PM | 1 min read

ന്യൂഡൽഹി : ഹാങ്ഷൗവിൽ നടന്ന ഷൂട്ടിം​ഗ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ട് മെഡൽ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിം​ഗ് സ്വർണവും മനു ഭാക്കർ വെങ്കലവും നേടി. ഇരുപത്തൊന്നുകാരിയായ ഇഷ 40 പോയിന്റ് നേടിയാണ് ഫൈനലിൽ ഒന്നാമതെത്തിയത്. 37 ഹിറ്റുകൾ നേടിയ ചൈനയുടെ യാങ് യുയുവിനെ മറികടന്നാണ് സ്വർണം നേടിയത്.


ഒളിമ്പിക്സിൽ രണ്ട് മെഡൽ കരസ്ഥമാക്കിയ മനു ഭാക്കറിനാണ് വെങ്കലം. നിർണായകമായ ഒരു ഷൂട്ട് ഓഫിലൂടെ 28 പോയിന്റ് നേടിയാണ് മനു വെങ്കല മെ‍‍ഡൽ ഉറപ്പിച്ചത്. ഈ സീസണിലെ മനു ഭാക്കറിന്റെ ആദ്യ വ്യക്തി​ഗത മെഡൽ നേട്ടമാണിത്. യോ​ഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തെത്തിയാണ് മനു ഭാക്കർ ഫൈനലിലെത്തിയത്. ഇഷ സിം​ഗ് എട്ടാം സ്ഥാനത്തായിരുന്നു.


മെയ് മാസത്തിൽ മ്യുണിക്കിൽ നടന്ന ലോകകപ്പിൽ 25 മീറ്റർ പിസ്റ്റളിൽ സ്വർണവും 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളിയും ഇഷ നേടിയിരുന്നു. ഒരു വർഷം നാല് ഷൂട്ടിം​ഗ് ലോകകപ്പുകളാണുള്ളത്. അതിനു ശേഷം ഒരു ഫൈനൽ ലോകകപ്പും.


ഇന്ത്യയുടെ മറ്റു താരങ്ങളായ രാഹി സർണോബത്, സിമ്രൻപ്രീത് കൗർ ബ്രാർ, അഭിദ്ന്യ അശോക് പാട്ടീൽ എന്നിവർ യോ​ഗ്യതാ റൗണ്ടിൽ തന്നെ പുറത്തായി. നിലവിൽ മൂന്ന് ലോകകപ്പ് മത്സരങ്ങൾ പിന്നിട്ടപ്പോൾ മെഡൽ പട്ടികയിൽ 5 സ്വർണവും 3 വെള്ളിയും 3 വെങ്കലവും നേടി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഡിസംബറിൽ റോമിലാണ് ഐഎസ്എസ്എഫ് ഷൂട്ടിം​ഗ് ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. റൈഫിൾ, പിസ്റ്റൾ, ഷോട്ട്​ഗൺ വിഭാ​ഗങ്ങളിൽ മികവ് തെളിയിച്ച താരങ്ങളാണ് ഫൈനലിൽ മത്സരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home