'സാറേന്ന് വിളിയെടാ'; സതീശന്‍റെ പേര് പറഞ്ഞതിൽ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബറാക്രമണം

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് ‘സാർ’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേർക്കാതെ പറഞ്ഞതിൽ മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ വ്യാപക സൈബർ ആക്രമണം. അയർലൻഡിൽ നടന്ന സ്റ്റേജ് പരിപാടിയുടെ വീഡിയോയിൽനിന്നുള്ള ഏതാനും സെക്കൻഡുകൾ മാത്രം പ്രചരിപ്പിച്ചാണ് സതീശൻ അനുകൂലികളുടെ അസഭ്യവും അധിക്ഷേപവും.
പരിപാടിക്കിടെ സതീശന്റെ ശബ്ദം അനുകരിച്ചുള്ള പ്രകടനം അവതരിപ്പിക്കുകയായിരുന്നു മഹേഷ്. എൽഇഡി വാളിൽ ചിത്രം പ്രത്യക്ഷപ്പെടാൻ വൈകിയപ്പോൾ സ്ക്രീനിൽ കാണിക്കേണ്ട ഫയലിന്റെ പേര് ഓപ്പറേറ്ററെ അറിയിക്കാൻ മൈക്കിലൂടെ ‘വി ഡി സതീശൻ’ എന്നു പറഞ്ഞു. ഈ ഭാഗം മാത്രം മുറിച്ചെടുത്ത് മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന പ്രചാരണം ആരംഭിക്കുകയായിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ “എടാ പിണറായി വിജയാ” എന്നു വിളിച്ച അന്നത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് കൈയടിച്ചവരാണ് ഇപ്പോൾ ബഹുമാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
“സതീശൻ എന്ന് വിളിക്കാൻ തന്റെ ചേട്ടനാണോ?”, “കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ എന്ന് വിളിക്കണം”, “വി ഡി സതീശൻ എന്ന് പറഞ്ഞാൽ അദ്ദേഹം നിന്റെ അച്ഛനാണോ?” തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം വ്യക്തിപരമായ അസഭ്യവും രാഷ്ട്രീയ അധിക്ഷേപവും നിറഞ്ഞ കമന്റുകളാണ് മഹേഷിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. സ്വകാര്യ സന്ദേശങ്ങളിലൂടെയും അധിക്ഷേപം തുടർന്നു.
മുഖ്യമന്ത്രിയുടെ പേര് പറയുന്നതിന് മുമ്പ് നിർബന്ധമായും ‘സാർ’, ‘ശ്രീ’, ‘മുഖ്യമന്ത്രി’ തുടങ്ങിയ വിശേഷണങ്ങൾ ചേർക്കണമെന്ന തരത്തിലായിരുന്നു മിക്ക പ്രതികരണങ്ങളും. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ പേര് വിളിച്ചതിനെപ്പോലും അപമാനമായി ചിത്രീകരിക്കുന്ന വ്യക്തിപൂജാ സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന വിമര്‍ശനം ഇതിനെതിരെ ഉയരുന്നുണ്ട്.
പിണറായി വിജയനെ ‘എടോ’ എന്നു വിളിച്ചതും അധിക്ഷേപിച്ചതും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതുമെല്ലാം ആഘോഷിച്ച കോൺഗ്രസ്–ലീഗ് സൈബർ സംഘങ്ങളുടെ ഇരട്ടത്താപ്പാണ് മഹേഷിനെതിരായ ആക്രമണത്തിലൂടെ വീണ്ടും വെളിവായതെന്ന ആക്ഷേപവും ഉയർന്നു.
മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ വി ഡി സതീശന്റെ പേര് പരാമർശിച്ചപ്പോഴും സമാനമായ സൈബർ ആക്രമണമുണ്ടായിരുന്നു. “സതീശൻ എന്ന് വിളിക്കാൻ തന്റെ ചേട്ടനാണോ?” എന്നതടക്കമുള്ള പ്രതികരണങ്ങളാണ് അന്നും പ്രചരിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയുന്നതുപോലും കുറ്റമാക്കുന്ന ഈ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നതിന് തെളിവാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ.
സംഭവത്തിൽ വിശദീകരണവുമായി മഹേഷ് കുഞ്ഞുമോൻ പിന്നീട് രംഗത്തെത്തി. സതീശനെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എൽഇഡി വാളിൽ പ്രദർശിപ്പിക്കേണ്ട ഫയലിന്റെ പേര് സാങ്കേതിക പ്രവർത്തകനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയുടെ ഒരു ഭാഗം മാത്രം പ്രചരിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ അസഭ്യത്തിലേക്കും അധിക്ഷേപത്തിലേക്കും മാറരുതെന്നും മഹേഷ് പറഞ്ഞു.









0 comments