വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ബെയ്ജിങ്: ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചു. ലാൻഷൗവിൽ നിന്ന് ചൈനയിലെ ഗുയാങ് ലോങ്‌ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തിലാണ് പവർ ബാങ്കിന് തീപിടിച്ചത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടമാണ് ഒഴിവായത്.
ജൂലൈ 24-നാണ് സംഭവം നടന്നത്. ചൈന ഈസ്റ്റേൺ എയർലൈൻസിൻറെ എംയു 2421 വിമാനത്തിലാണ് സംഭവം. വിമാനത്താവളത്തിലേക്ക് എത്തിയ എയർബസ് എ320 വിമാനം റൺവേയിലൂടെ ടെർമിനലിലേക്ക് നീങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ലാൻഡിങ് പൂർത്തിയാക്കി ടെർമിനലിലേക്ക് നീങ്ങുന്നതിനിടെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്‌മെന്റിൽ സൂക്ഷിച്ചിരുന്ന യാത്രക്കാരന്റെ ബാഗിലെ പവർ ബാങ്കിന് തീപിടിക്കുകയായിരുന്നു.
ലഗേജ് ബോക്സിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ ജീവനക്കാർ ശാന്തതയോടെയാണ് സാഹചര്യത്തെ നേരിട്ടത്. യാത്രക്കാരോട് പരിഭ്രാന്തരാകരുതെന്ന് നിർദേശിച്ച ജീവനക്കാർ, ഉടൻ തന്നെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ പൂർണമായും അണച്ചു. സംഭവമറിഞ്ഞ് എയർപോർട്ട് ഫയർഫോഴ്‌സും ഉടൻ തന്നെ വിമാനത്തിനടുത്തേക്ക് എത്തിയിരുന്നു.
വിമാനത്തിനുള്ളിൽ കനത്ത പുക ഉയർന്നതിനെ തുടർന്ന് വിമാനത്തിന് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് അറിയിച്ചു. വിമാനങ്ങളിൽ പവർ ബാങ്കുകൾ ഹാൻഡ് ബാഗേജായി കൊണ്ടുപോകാൻ ചൈന ഈസ്റ്റേൺ എയർലൈൻസ് അനുവദിക്കുന്നുണ്ടെങ്കിലും, അവ ഓവർഹെഡ് ലഗേജ് ബോക്സുകളിൽ വെക്കാനോ വിമാനത്തിലിരുന്ന് ഫോൺ ചാർജ് ചെയ്യാനോ അനുവാദമില്ല.










0 comments