ad
Deshabhimani

ജമ്മു കശ്മീരിൽ അമർനാഥ് തീർഥാടക ബസ് അപകടത്തിൽ പെട്ടു; 39 പേർക്ക് പരിക്ക്

amarnath
വെബ് ഡെസ്ക്

Published on Jul 28, 2026, 02:20 PM | 1 min read

ഡൽഹി: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ കംഗൻ മേഖലയിലുണ്ടായ ബസ് അപകടത്തിൽ അമർനാഥ് തീർഥാടകരായ 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു.


അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഹരിഗൺവാൻ പ്രദേശത്തെ ഒരു വീടിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.


അപകടത്തിൽ വീട് ഗുരുതരമായി തകർന്നെങ്കിലും, അതുതന്നെയാണ് ബസ് സമീപത്തുള്ള സിന്ധ് നദിയിലേക്ക് മറിഞ്ഞുവീഴുന്നത് തടഞ്ഞത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.


പരിക്കേറ്റ 39 പേരെയും പ്രദേശവാസികളും സുരക്ഷാസേനാംഗങ്ങളും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവർക്ക് ചികിത്സ നൽകിവരികയാണെന്നും അധികൃതർ അറിയിച്ചു.


അപകടത്തെ തുടർന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. ഗന്ദർബാൽ ഡെപ്യൂട്ടി കമ്മീഷണറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു.


അമർനാഥ് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 39 തീർഥാടകരും നിലവിൽ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് എക്‌സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ മനോജ് സിൻഹ അറിയിച്ചു.


പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും മികച്ച ചികിത്സയും ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home