ബിഹാര്‍ പി എസ് സി നിയമന തട്ടിപ്പ്, ഇടനിലക്കാരനായ യുവ ഡോക്ടര്‍ പിടിയിൽ; പ്രതിപട്ടികയിൽ 296 പേർ

പട്ന: ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അധ്യാപക നിയമന പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്ന കേസിൽ യുവ ഡോക്ടര്‍ അറസ്റ്റിലായി. ജഹാനാബാദ് സ്വദേശിയായ യുവ ഡോക്ടറാണ് അറസ്റ്റിലായത്. കേസിൽ ആകെ അറസ്റ്റിലാവരിൽ 296 ാമത്തെ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പട്ന നളന്ദ മെഡിക്കൽ കോളേജിൽ നിന്ന് 2021 ൽ മെഡിക്കൽ ബരുദം നേടിയ ഡോക്ടറാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് 5000 രൂപ വീതം കമ്മീഷൻ വാങ്ങിയ കണ്ണിയിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
നീറ്റ് യു ജി ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയിട്ടുള്ള സഞ്ജീവ് കുമാർ സിംഗ് എന്ന സഞ്ജീവ് മുഖിയയുടെ മകനുമായി ഡോക്ടർക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇപ്പോൾ പിജി പ്രവേശനത്തിനുള്ള പരീക്ഷയ്ക്കായി തയാറെടുപ്പ് നടത്തുകയാണ്. സ്വാകര്യ പ്രാക്ടീസും തുടരുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ത്തി
ഉത്തരങ്ങൾ പറഞ്ഞ് പഠിപ്പിച്ചു
2024 മാർച്ച് 15-നായിരുന്നു ബി പി എസ് സിയുടെ പ്രൈമറി, മിഡിൽ സ്കൂൾ അധ്യാപക നിയമനങ്ങൾക്കായുള്ള പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷയ്ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ്, പട്നയിൽ നിന്ന് മുപ്പതോളം ഉദ്യോഗാർത്ഥികളെ ഇയാൾ ജാർഖണ്ഡിലെ ഹസാരീബാഗിലുള്ള ഒരു ഹോട്ടലിലേക്ക് എത്തിച്ചു. അവിടെ വച്ചാണ് ചോർന്ന ചോദ്യപേപ്പറും അതിനുള്ള ഉത്തരങ്ങളും ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനായി നൽകിയത്. ഇത്തരം പല കേന്ദ്രങ്ങളിലായാണ് ചേര്‍ത്തിയ പേപ്പര്‍ വിറ്റഴിച്ചിരുന്നത്.
എഴുത്തു പരീക്ഷയായതിനാൽ ഉത്തരങ്ങൾ പഠിപ്പിക്കുന്ന ജോലിയും തട്ടിപ്പ് സംഘം തന്നെ നിര്‍വ്വഹിച്ചിരുന്നു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും ചോര്‍ന്ന പേപ്പര്‍ ഉപയോഗിച്ച ഉദ്യോഗാര്‍ഥികളാണ്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിന് മുൻപ്, പ്രന്റിംഗ് പ്രസ്സിൽ വച്ച് തന്നെ ബാർകോഡ് ഇല്ലാത്ത ചോദ്യപേപ്പർ ചോർത്തപ്പെടുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംസ്ഥാനത്തുടനീളമുള്ള 415 സെന്ററുകളിലായി ഏകദേശം 3.75 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർന്നതായി ഇക്കണോമിക് ഓഫൻസ് യൂണിറ്റ് (EOU) പ്രാഥമിക തെളിവുകൾ സഹിതം സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. മാർച്ച് 15-ന് നടന്ന രണ്ട് ഷിഫ്റ്റുകളിലെ പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കി.
ചോദ്യപേപ്പര്‍ ചോര്‍ത്താൻ
അന്തര്‍ സംസ്ഥാന സംഘങ്ങൾ
ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിൽ ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പടർന്നുകിടക്കുന്ന സംഘമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ സംഘത്തിന് യു പി കോൺസ്റ്റബിൾ പരീക്ഷ, ഹരിയാന വെറ്ററിനറി ഡോക്ടർ പരീക്ഷ, യു പി പി എസ് സി RO/ARO പരീക്ഷ തുടങ്ങിയവയുടെ ചോദ്യപേപ്പർ ചോർച്ചയിലും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തുകയുണ്ടായി.
അധ്യാപക പരീക്ഷയിലെ ചോർച്ച ബിഹാറിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഉദ്യോഗാർത്ഥികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കൂടുതൽ ശക്തമായ സുരക്ഷാ രീതികളും കേസ് അന്വേഷണവും വാഗ്ദാനം ചെയ്ത് ഒതുക്കി.










0 comments