ad
Deshabhimani

പൊലീസ്‌ പാവപ്പെട്ടവനെ തല്ലിക്കൊല്ലുന്നു; സിയാദിന്റെ മരണം സിബിഐ അന്വേഷിക്കണം: എം വി ​ഗോവിന്ദൻ

SIYAD KUNDARA DEATH M V GOVINDAN

സിയാദ്, എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Jul 28, 2026, 04:21 PM | 1 min read

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്ത്‌ ക്രൂരമായി മര്‍ദ്ദിച്ച യുവാവ്‌ വാരിയെല്ല്‌ തകര്‍ന്ന മരിച്ച വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. കുടുംബാഗങ്ങള്‍ താണുകേണ്‌ പറഞ്ഞിട്ടും നിരപരാധിയായ സിയാദിനെ അറസ്റ്റ്‌ ചെയ്‌തുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയാണ്‌ ചെയ്‌തത്‌. പൊലീസ്‌ ഉദ്യോഗസ്ഥനെ വിളിച്ച്‌ `പപ്പ പോയി' എന്ന്‌ സിയാദിന്റെ ചെറിയ മകള്‍ പറയുതായുള്ള ശബ്ദ രേഖ മനസാക്ഷിയുള്ള ആരെയും കരയിക്കുന്നതാണ്‌. ദാരുണമായ ഈ വിഷയത്തില്‍ സിബിഐയെ അന്വേഷണമേല്‍പ്പിക്കണമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പൊലീസ് സ്റ്റേഷനില്‍ സിസിടിവി ക്യാമറ ഉണ്ടെന്നും, അവിടെ ചെന്നാല്‍ ഇത്‌ നടക്കില്ല എന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. വാരിയെല്ല്‌ പൊട്ടി നട്ടെല്ല്‌ തകര്‍ന്നാണ്‌ സിയാദ് കൊല്ലപ്പെട്ടത്‌. പരാതി നല്‍കിയ കുടുംബം തന്നെ ഇദ്ദേഹം നിരപരാധിയാണെന്ന്‌ പറഞ്ഞിട്ടുള്ളതാണ്‌. കള്ളക്കേസില്‍ കുരുക്കി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയെന്ന ക്രൂരതയാണ്‌ ഇവിടെ അരങ്ങേറിയത്‌.


കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമങ്ങളും, കൊലകളും നടത്തുന്ന ഗുണ്ടാ സംഘങ്ങളെ നിലയ്ക്ക്‌ നിര്‍ത്താന്‍ കഴിയാത്ത പൊലീസ്‌ പാവപ്പെട്ടവനെ തല്ലിക്കൊല്ലുകയാണ്‌. കേരളാ പൊലീസ്‌ കുത്തഴിയുന്നതിന്‌ പ്രധാന കാരണമായി മാറുന്നത്‌ സര്‍ക്കാരിന്റെ സമീപനമാണ്‌. വ്യാപകമായ സ്ഥലം മാറ്റത്തിലൂടെ ക്രിമിനല്‍ റെക്കോര്‍ഡ്‌ ഉള്ള ഉദ്യോഗസ്ഥരെ പ്രത്യേകം കണ്ടുപിടിച്ച്‌ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്നതിന്റെ ദുരന്ത ഫലം ആണ്‌ കേരളം അനുഭവിക്കുത്‌.


സിയാദിന്റെ മരണം മഞ്ഞപ്പിത്തം മൂലമാണെന്നാണ്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്‌. എന്നാൽ‌, നട്ടെല്ല്‌ പൊട്ടി അണുബാധ ഉണ്ടായതാണ്‌ മരണ കാരണം എന്ന്‌ ആശുപത്രി രേഖകളില്‍ ഉണ്ട്‌. ഇത്‌ കാണിക്കുന്നത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണത്തില്‍ നീതി ലഭിക്കില്ല എന്നതാണ്‌. അതിനാല്‍ സിബിഐ അന്വേഷണം അടിയന്തിരമായി നടത്തണം. സിയാദിന്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരവും ഉടൻ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home