കോർപറേറ്റുകൾക്കുവേണ്ടി യുഡിഎഫ് സർക്കാർ ആരോഗ്യമേഖലയെ തകർക്കുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിന്റെ പൊതുആരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ തകിടംമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കോര്‍പറേറ്റുകള്‍ പിടിമുറുക്കുന്ന പ്രശ്‌നം നേരത്തെ ഉയർന്നുവന്നതാണ്. അവര്‍ക്കുവേണ്ടി പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന നിലയാണ് കാണാനാവുന്നത്. കേരളത്തിന്റെ പൊതുആരോഗ്യ മേഖല നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങള്‍ നമുക്ക് നേടാനായത്. എന്നാൽ, ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളെയും ചികിത്സിക്കാനാകില്ല എന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കോർപറേറ്റുകളെ സഹായിക്കുന്നതിനാണ്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മേഖലയിൽ എല്ലാ ചികിത്സയും കൊണ്ടുവരികയെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവയവമാറ്റ ശസ്‌ത്രക്രീയ വരെ കൊണ്ടുവരാനും, അതിനായി പ്രത്യേക ആശുപത്രി തന്നെ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്നതിനും തയ്യാറായ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌തമായ നയമാണ് ഇക്കാര്യത്തില്‍ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയശേഷം നിരവധിപേര്‍ ചികിത്സയിലെ അനാസ്ഥ കാരണവും, സൗകര്യ കുറവ് കാരണവും മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പവര്‍കട്ട് കാരണം മൊബൈല്‍ വെളിച്ചത്തില്‍ ശസ്‌ത്രക്രിയ പോലും നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടായി. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments