ad
Deshabhimani

ജയം രവിയുടെ വിവാഹമോചനക്കേസ്: കുട്ടികൾക്ക് പിതാവിനെ കാണാൻ നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കോടതി

jayam ravi
വെബ് ഡെസ്ക്

Published on Jul 28, 2026, 06:33 PM | 1 min read

ചെന്നൈ: തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ (ജയം രവി) വിവാഹമോചനക്കേസിൽ ചെന്നൈ കുടുംബക്ഷേമ കോടതിയുടെ ഇടക്കാല ഉത്തരവ്. ഭാര്യ ആർതി പ്രതിമാസ ഇടക്കാല ജീവനാംശമായി ആവശ്യപ്പെട്ട 40 ലക്ഷം രൂപ കോടതി തള്ളി. പകരം, വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ ആർതിക്ക് പ്രതിമാസം 3 ലക്ഷം രൂപ വീതം നൽകാനാണ് കോടതി നടനോട് നിർദേശിച്ചിരിക്കുന്നത്.


സാമ്പത്തിക തർക്കങ്ങൾക്ക് പുറമേ, ദമ്പതികളുടെ മക്കളായ ആരവ്, അയാൻ എന്നിവരെ കാണുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും കോടതി വ്യക്തത വരുത്തി. കുട്ടികൾക്ക് അവരുടെ പിതാവിനെ കാണുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തരുതെന്ന് കോടതി ആർതിയോട് കർശനമായി ആവശ്യപ്പെട്ടു.


തന്റെ മക്കളെ കാണുന്നതിൽ നിന്ന് ആർതി മനഃപൂർവം തടയുകയാണെന്ന് രവി മോഹൻ നേരത്തെ പരസ്യമായി ആരോപിച്ചിരുന്നു. കനത്ത സുരക്ഷാ ജീവനക്കാരെ ഒപ്പം നിർത്തിയാണ് കുട്ടികളെ സ്കൂളിലേക്ക് വിടുന്നതെന്നും, കുട്ടികൾക്ക് ഒരു കാർ അപകടം സംഭവിച്ചപ്പോൾ പോലും ആർതി തന്നെ വിവരമറിയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നാണ് ഈ വിവരം അറിഞ്ഞതെന്നും മക്കളെ കാണാൻ കഴിയാത്തതിൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്നും താരം കോടതിയെ അറിയിച്ചിരുന്നു.


2009 ജൂണിലായിരുന്നു രവി മോഹന്റെയും ആർതിയുടെയും വിവാഹം. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് നടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായി എടുത്തതാണെന്നായിരുന്നു ആർതിയുടെ ആരോപണം.


നിലവിലെ താൽക്കാലിക ഉത്തരവിലൂടെ ജീവനാംശ തുക നിശ്ചയിക്കപ്പെടുകയും മക്കളെ കാണാൻ നടന് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന വിവാഹമോചനക്കേസിലെ അന്തിമ വിധി വിചാരണ നടപടികൾ പൂർത്തിയായ ശേഷമേ ഉണ്ടാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home