ad
Deshabhimani

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം: വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും; പിണറായി വിജയൻ

PINARAYI VIJAYAN PRESS MEET
വെബ് ഡെസ്ക്

Published on Jul 28, 2026, 06:13 PM | 1 min read

തിരുവനന്തപരം: ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.


ഇത്തരം വിരട്ടലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സർക്കാർ ഓർക്കുന്നത് നന്നായിരിക്കും .കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


​ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്.

കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർടി ഓഫീസിൽ കടന്ന് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്രസർക്കാരിനും സംഘപരിവാർ ശക്തികൾക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാൻ കഴിയൂ. രാജ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളിൽ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സർക്കാർ ഓർക്കുന്നത് നന്നായിരിക്കും.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കടക്കാനുള്ള ഡൽഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷി ഘോഷിനും എസ്എഫ്ഐയുടെ പോരാളികൾക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home