വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു: കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് അപകടം. ചെറുവത്തൂരിന് സമീപം കൊത്തങ്കരയിൽ റോഡിനോട് ചേർന്നുള്ള ഒരു വീട്ടിലായിരുന്നു ചുറ്റുമതിൽ നിർമാണം പുരോഗമിച്ചിരുന്നത്. നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ മതിലിന്റെ നിർമാണ ജോലികളിലേർപ്പെട്ടിരുന്ന മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു. അഞ്ച് തൊഴിലാളികളാണ് മതിലുകളുടെ നിർമാണജോലികൾ ചെയ്തിരുന്നത്. മണ്ണിനടിയിൽ പെട്ട ആളുകളെ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.










0 comments