ad
Deshabhimani

ബേബി പൗഡര്‍ വഴി കാൻസര്‍: കേസ് തീര്‍പ്പാക്കാൻ 45,000 കോടി നൽകാമെന്ന് ജോൺസൺ ആൻഡ് ജോൺസൺ

Johnson & Johnson
വെബ് ഡെസ്ക്

Published on Jul 28, 2026, 05:30 PM | 2 min read

വാഷിംഗ്ടൺ: തങ്ങളുടെ ചില ഉത്പന്നങ്ങൾ കാൻസറിന് കാരണമായതായുള്ള കേസുകളിൽ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടങ്ങളിൽ നിന്നും തലയൂരാൻ പ്രമുഖ ഹെൽത്ത് കെയർ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ ഒരുങ്ങുന്നു. കേസുകൾ ഒത്തുതീര്‍പ്പാക്കാൻ ഏകദേശം 45,000 കോടിയിലധികം രൂപ നൽകാനാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്.


ബേബി പൗഡർ ഉൾപ്പെടെയുള്ള ടാൽക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ ഓവേറിയൻ ക്യാൻസറിന് കാരണമായി എന്ന് ആരോപിച്ച് ഫയൽ ചെയ്ത പതിനായിരക്കണക്കിന് കേസുകളാണ് കമ്പനി നേരിടുന്നത്. കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉൽപ്പന്ന ബാധ്യത (Product Liability) കേസുകളിൽ ഒന്നാണിത്.


റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, യു എസിലെ മാത്രം വിവിധ ഫെഡറൽ, സ്റ്റേറ്റ് കോടതികളിൽ നിലവിലുള്ള ഏകദേശം 76,000 ഹർജികളെയാണ് ഈ ഒത്തുതീർപ്പ് വ്യവസ്ഥ ബാധിക്കുന്നത്. നിലവിലുള്ള ഹർജിക്കാരിൽ കുറഞ്ഞത് 95% പേരെങ്കിലും കരാർ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളൂ. 5.5 ബില്യൺ ഡോളർ ബാധ്യതയാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്.


2020-ൽ കമ്പനി യു എസിൽ ടാൽക് അധിഷ്ഠിത ബേബി പൗഡറുകളുടെ വിൽപ്പന നിർത്തലാക്കുകയും പകരം 'കോൺസ്റ്റാർച്ച്' അധിഷ്ഠിത പൗഡറുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതര രാജ്യങ്ങളിൽ എല്ലാം ഈ ടാൽകം പൗഡര്‍ വിറ്റഴിച്ചിരുന്നതാണ്.


കാരണം തള്ളി

കേസ് ഒഴിവാക്കാനെന്ന് വിശദീകരണം


നിയമ പോരാട്ടത്തിൽ തെറ്റ് ശരിവെച്ചല്ല പതിറ്റാണ്ടുകളായി തുടരുന്ന ചെലവേറിയ നിയമനടപടികൾ അവസാനപ്പിക്കാനാണ് ഒത്തുതീർപ്പിന് മുതിരുന്നതെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ വിശദീകരിക്കുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അവയിൽ അസ്ബസ്റ്റോസിന്റെ സാന്നിധ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ ആവര്‍ത്തിച്ചിരുന്നത്.


ഒത്തുതീര്‍പ്പിന് സമ്മതിച്ചത് അനുസരിച്ച് 2027-ൽ 3 ബില്യൺ ഡോളറും ബാക്കി തുക 2028-ലും നൽകും. എന്നാൽ ഹർജിക്കാരുടെ പങ്കാളിത്തമനുസരിച്ച് മൊത്തം നഷ്ടപരിഹാര തുക ഏഴ് ബില്യൺ ഡോളർ വരെ എത്തുമെന്നാണ് അഭിഭാഷകരുടെ പക്ഷം. നേരത്തെ കേസിൽ നിന്നും രക്ഷപ്പെടാൻ കമ്പനി പല അടവുകളും സ്വീകരിച്ചിരുന്നു. കമ്പനിയെ വിഭിജിച്ച് നഷ്ടം കാണിച്ചു. പപ്പരായ കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ ഇതിനായി സമർപ്പിച്ച ബാങ്ക്റപ്സി അപേക്ഷകൾ കോടതി തള്ളി. 2025 ൽ കേസുകൾ വീണ്ടും സാധാരണ രീതിയിൽ ഉയര്‍ന്നു വന്നു. ഇതോടെയാണ് ഒത്തുതീര്‍പ്പ് ഉടമ്പടി വാഗ്ദാനം ചെയ്തത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home